പ്രതിരോധ മേഖലയിൽ റെക്കോർഡ് കുതിപ്പുമായി ഇന്ത്യ. 2025-26 സാമ്പത്തിക വർഷത്തിൽ 6.73 ലക്ഷം കോടി രൂപയുടെ 55 പദ്ധതികൾക്കാണ് പ്രതിരോധ മന്ത്രാലയം (DAC) പ്രാഥമിക അംഗീകാരം നൽകിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റഷ്യൻ നിർമ്മിത എസ്-400 മിസൈൽ സംവിധാനത്തിന്റെ അഞ്ച് യൂണിറ്റുകൾ, ധനുഷ് ഹോവിറ്റ്സർ ഗൺ സിസ്റ്റംസ്, വ്യോമസേനയുടെ പഴയ വിമാനങ്ങൾക്ക് പകരമായി 60 മീഡിയം ട്രാൻസ്പോർട്ട് വിമാനങ്ങൾ എന്നിവ വാങ്ങുന്നതിനായുള്ള 2.38 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്കും അവസാനഘട്ട അനുമതി ലഭിച്ചു.

ഇതുകൂടാതെ, ആഭ്യന്തര പ്രതിരോധ ഉൽപ്പാദനത്തിന് കരുത്തേകുന്ന വലിയ കരാറുകളിലും ഇന്ത്യ ഒപ്പിട്ടു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽ (HAL) നിന്ന് 97 തേജസ് യുദ്ധവിമാനങ്ങളും 156 പ്രചണ്ഡ് ഹെലികോപ്റ്ററുകളും വാങ്ങുന്നതിനായി ഏകദേശം 1.25 ലക്ഷം കോടി രൂപയുടെ കരാറുകളാണ് ഉറപ്പിച്ചത്. ഇന്ത്യൻ നാവികസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 26 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനായി 63,000 കോടി രൂപയുടെ ഇന്റർ ഗവർൺമെന്റൽ കരാറിലും രാജ്യം ഒപ്പുവെച്ചു. 2030ഓടെ ഇവയുടെ വിതരണം പൂർത്തിയാകും. സൈനിക കരുത്ത് വർദ്ധിപ്പിക്കുന്നതിനൊപ്പം തദ്ദേശീയ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പദ്ധതികൾ ലക്ഷ്യമിടുന്നു.
India’s DAC has approved a record-breaking ₹6.73 lakh crore for 55 defense projects, including S-400 missiles, Rafale-M jets, and HAL Tejas aircraft, to bolster military self-reliance
