ബോളിവുഡ് താരം ദീപിക പദുകോൺ സ്ഥാപിച്ച പ്രീമിയം സ്കിൻകെയർ ബ്രാൻഡായ 82°E-യുടെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കാൻ പ്രമുഖ സൗന്ദര്യവർദ്ധക വിപണന ശൃംഖലയായ നൈക്ക (Nykaa) ഒരുങ്ങുന്നു. നിലവിൽ 42 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള നൈക്ക, ദീപികയുടെ ബ്രാൻഡിനെ തങ്ങളുടെ പോർട്ട്ഫോളിയോയുടെ ഭാഗമാക്കുന്നതിലൂടെ വിപണിയിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. 2025 സെപ്റ്റംബർ മുതൽ നൈക്കയുടെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി ദീപിക പ്രവർത്തിച്ചുവരികയാണ്. കരാർ യാഥാർത്ഥ്യമായാൽ ദീപികയ്ക്ക് കമ്പനിയിൽ ചെറിയ ശതമാനം ഓഹരികൾ മാത്രം അവശേഷിക്കും.

2022-ൽ വിപണിയിലിറങ്ങിയ 82°E-യ്ക്ക് തുടക്കത്തിൽ മികച്ച സ്വീകാര്യത ലഭിച്ചെങ്കിലും പിന്നീട് സാമ്പത്തികമായി വലിയ വെല്ലുവിളികൾ നേരിടേണ്ടി വന്നു. 2025 സാമ്പത്തിക വർഷത്തിൽ ബ്രാൻഡിന്റെ വരുമാനം 30 ശതമാനം ഇടിഞ്ഞ് 14.7 കോടി രൂപയിലെത്തുകയും 12.26 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഉയർന്ന വിലയും മറ്റ് ബ്രാൻഡുകളിൽ നിന്നുള്ള കടുത്ത മത്സരവുമാണ് തിരിച്ചടിയായത്. അതേസമയം, നൈക്കയുടെ മാതൃകമ്പനിയായ എഫ്എസ്എൻ ഇ-കൊമേഴ്സ് വെഞ്ച്വേഴ്സ് (FSN E-Commerce Ventures) 2025 ഡിസംബർ പാദത്തിൽ 68 കോടി രൂപയുടെ അറ്റാദായം നേടി മികച്ച വളർച്ചയിലാണ്. കത്രീന കൈഫിന്റെ ‘കെ ബ്യൂട്ടി’ (Kay Beauty) നേരത്തെ തന്നെ നൈക്കയുമായി ചേർന്ന് വലിയ വിജയം കൈവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയുടെ ബ്രാൻഡിനെയും ലാഭകരമാക്കാൻ നൈക്ക രംഗത്തെത്തുന്നത്.
