വമ്പൻ വാച്ച് ശേഖരത്തിന്റെ പേരിൽ ലോകപ്രശസ്തനാണ് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. 200 കോടിയിലധികം രൂപ (25 മില്യൺ ഡോളർ) മൂല്യം വരുന്നതാണ് അദ്ദേഹത്തിന്റെ സ്വകാര്യ വാച്ച് ശേഖരം. ഇതിൽ ലോകത്തെ ഏറ്റവും സങ്കീർണ്ണമായ പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം 6300G-010 ആണ് ഏറ്റവും വിലപിടിപ്പുള്ളത്; ഏകദേശം 75 കോടി രൂപയാണ് ഇതിന്റെ വില.

ആഘോഷവേളകളിൽ അനന്ത് ധരിച്ച പല വാച്ചുകളും അവയുടെ അപൂർവ്വത കൊണ്ട് ശ്രദ്ധിക്കപ്പെട്ടവയാണ്. റിച്ചാർഡ് മിൽ RM 56-01 ഗ്രീൻ സഫയർ (45-50 കോടി), പാടെക് ഫിലിപ്പ് സ്കൈ മൂൺ ടൂർബില്യൺ (44 കോടി) എന്നിവ ഇതിൽ ചിലതാണ്. പ്ലാറ്റിനത്തിൽ ഡയമണ്ട് പതിപ്പിച്ച പാടെക് ഫിലിപ്പ് ഗ്രാൻഡ് കോംപ്ലിക്കേഷൻസിന് 11 കോടിയും, മാണിക്യം പതിപ്പിച്ച പാടെക് ഫിലിപ്പ് നോട്ടിലസ് ‘റൂബി’ക്ക് 11 കോടിയും വില വരുന്നു.
ചൊവ്വയിൽ നിന്നുള്ള ഭൂമിയുടെ കാഴ്ച ഡയലിൽ ഒരുക്കിയ റിച്ചാർഡ് മിൽ RM 52-05 ഫാരൽ വില്യംസിന് 25 കോടി വരെയാണ് വില. ലോകത്ത് ആകെ മൂന്നെണ്ണം മാത്രം നിർമ്മിച്ച റിച്ചാർഡ് മിൽ RM 52-04 ‘സ്കൾ’ വാച്ചിന് 22 കോടിയും, സ്പോർട്സ് മോഡലായ റിച്ചാർഡ് മിൽ RM 56-02 സഫയറിന് 14 കോടിയും, റാഫേൽ നദാൽ എഡിഷന് 10.8 കോടിയുമാണ് മതിപ്പുവില. സംഗീത് ചടങ്ങിൽ അദ്ദേഹം ധരിച്ച ഡയമണ്ട് പതിപ്പിച്ച ഓഡിമർ പിഗെ റോയൽ ഓക്കിന് 3.44 കോടി രൂപയാണ് വില.
ഏറ്റവും ഒടുവിലായി 2026 ജനുവരിയിൽ പുറത്തിറക്കിയ ജേക്കബ് ആൻഡ് കോ ഓപ്പറ വൻതാര ഗ്രീൻ കാമോ വാച്ചിന് 13.7 കോടി രൂപയാണ് വില കണക്കാക്കുന്നത്. അനന്ത് അംബാനിയുടെ വനസംരക്ഷണ പദ്ധതിയായ വൻതാരയ്ക്ക് ആദരമായി തയ്യാറാക്കിയതാണിത്. ഗുജറാത്തിലെ വൻതാര പ്രോജക്ടിന്റെ പ്രതീകമായ സിംഹം, കടുവ എന്നിവയുടെ ചെറുരൂപങ്ങൾ ഈ വാച്ചിന്റെ ഡയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
