രാജ്യത്തെ ആദ്യത്തെ കൊമേഴ്സ്യൽ സീപ്ലെയിൻ സർവീസുകൾക്ക് തുടക്കം കുറിക്കാനൊരുങ്ങി സ്കൈഹോപ് ഏവിയേഷൻ (SkyHop Aviation). ഇതിന്റെ ഭാഗമായി ഋഷികേശിലെ ഗംഗാ ബാരേജിൽ നടത്തിയ പരീക്ഷണ പറക്കൽ വിജയമായി. നദിയിൽ നിന്ന് സുരക്ഷിതമായി ലാൻഡ് ചെയ്യാനും ടേക്ക്-ഓഫ് ചെയ്യാനും വിമാനത്തിന് സാധിച്ചു. വലിയ റൺവേകൾ ആവശ്യമില്ലാത്ത ഇത്തരം സീപ്ലെയിനുകൾക്ക് നദികളിലും കായലുകളിലും കടലിലും ഇറങ്ങാൻ സാധിക്കുമെന്നത് വിമാനത്താവളങ്ങൾ നിർമ്മിക്കാൻ പ്രയാസമുള്ള ഉൾപ്രദേശങ്ങളിൽ വിനോദസഞ്ചാരത്തിനും യാത്രയ്ക്കും വലിയ മാറ്റങ്ങൾ കൊണ്ടുവരും.

ലക്ഷദ്വീപിലെ അഞ്ച് ദ്വീപുകളെ തമ്മിലും ദ്വീപുകളെ കരയുമായും ബന്ധിപ്പിച്ചു കൊണ്ടായിരിക്കും ആദ്യഘട്ടത്തിൽ സർവീസുകൾ ആരംഭിക്കുകയെന്ന് സ്കൈഹോപ് സിഇഒ അവനി സിംഗ് വ്യക്തമാക്കി. നിലവിൽ 19 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളായിരിക്കും ഇതിനായി ഉപയോഗിക്കുക. ഡിജിസിഎയുടെയും വ്യോമയാന മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കുന്നതോടെ സർവീസുകൾ ഔദ്യോഗികമായി ആരംഭിക്കും. യാത്രകൾ സുഗമമാക്കുന്നതിനൊപ്പം യാത്രാസമയം ഗണ്യമായി കുറയ്ക്കാനും ഈ പദ്ധതിയോടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
SkyHop Aviation successfully completes seaplane trials in Rishikesh. Learn about the upcoming 19-seater commercial flights connecting Lakshadweep islands.
