വിദേശ വിനോദസഞ്ചാരികളിൽ നിന്നും വിമാനത്താവള പ്രവേശന ഫീസ് ഈടാക്കാനുള്ള നീക്കവുമായി തായ്ലൻഡ്. പുതിയ നിർദ്ദേശം ക്യാബിനറ്റ് അംഗീകരിച്ചാൽ വിമാനം വഴി എത്തുന്ന വിദേശികൾ 300 തായ് ബാറ്റ് (ഏകദേശം 855 രൂപ) അധികമായി നൽകണം. ബാങ്കോക്ക്, ഫുക്കറ്റ്, പട്ടായ തുടങ്ങിയ ഇടങ്ങളിലേക്ക് പോകുന്ന ഇന്ത്യൻ സഞ്ചാരികൾ ഇത്തരത്തിൽ അധിക ഫീസ് നൽകണം. കരമാർഗ്ഗവും കടൽമാർഗ്ഗവും എത്തുന്നവർക്ക് നിലവിൽ ഈ ഫീസ് ബാധകമല്ല.

ഈ തീരുമാനം കേവലം ചെറിയ തുകയുടെ മാറ്റമല്ല, മറിച്ച് വലിയ നയമാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ലക്ഷ്വറി ട്രിപ്പിന് തയ്യാറെടുക്കുന്നവർക്ക് ഈ തുക നിസ്സാരമാണെങ്കിലും, ഇതിലൂടെ ലഭിക്കുന്ന തുകയുടെ ഒരു ഭാഗം സഞ്ചാരികളുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായിട്ടാണ് നീക്കിവെയ്ക്കുന്നത്. തായ്ലൻഡിൽ വെച്ച് അപകടങ്ങളോ അസുഖങ്ങളോ ഉണ്ടായാൽ ഇൻഷുറൻസ് ഇല്ലാത്ത വിദേശികൾക്കായി ചെലവാക്കുന്ന വൻ തുക ലാഭിക്കാനും, സഞ്ചാരികൾക്ക് സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും.
പ്രതിവർഷം ഏകദേശം 4 കോടി സഞ്ചാരികളെ പ്രതീക്ഷിക്കുന്ന തായ്ലൻഡിന്, ഈ ചെറുതുകയിലൂടെ മാത്രം ഏകദേശം 2,800 കോടിയിലധികം രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് വിലയിരുത്തൽ. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും എയർപോർട്ടുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമുള്ള വലിയ നിക്ഷേപമായാണ് സർക്കാർ ഇതിനെ കാണുന്നത്. നിലവിൽ വെനീസ്, ബാലി, ജപ്പാൻ തുടങ്ങിയ ഇടങ്ങളിൽ ‘ടൂറിസ്റ്റ് ടാക്സ്’ രീതി പ്രാബല്യത്തിലുണ്ട്. ഇത്തരമൊരു നീക്കത്തിലേക്കാണ് തായ്ലൻഡും ഇപ്പോൾ ചുവടുവെയ്ക്കുന്നത്.
കോവിഡിന് ശേഷം ടൂറിസം തിരിച്ചുപിടിക്കാൻ മാറ്റിവെച്ച പദ്ധതി പുതിയ സർക്കാർ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. വിമാന ടിക്കറ്റിനൊപ്പമോ അല്ലെങ്കിൽ ഇമിഗ്രേഷൻ ഘട്ടത്തിലോ ആയിരിക്കും ഈ തുക ഈടാക്കുക. ഫീസ് ഏർപ്പെടുത്തിയാലും ഇന്ത്യക്കാർക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ സന്ദർശിക്കാവുന്ന വിദേശ രാജ്യമായി തായ്ലൻഡ് തുടരുമെന്നാണ് വിലയിരുത്തൽ.
Thailand is set to implement a 300 Thai Baht (approx. ₹855) tourist tax for air travelers. Learn how this new entry fee will support traveler insurance and infrastructure in popular spots like Bangkok and Phuket
