യുഎസും ഇന്ത്യയും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ സൂചനകൾ നൽകി, ലോകത്തിലെ ഏറ്റവും അത്യാധുനിക അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35 (F-35 Lightning II) ഇന്ത്യയ്ക്ക് ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ വ്യക്തമാക്കി അമേരിക്കൻ ഭരണകൂടം. വാഷിംഗ്ടണിലെ പെന്റഗണിൽ നടന്ന ഉന്നതതല യോഗത്തിലാണ് യുഎസ് ഈ നിർണ്ണായക സൂചന നൽകിയത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യുഎസ് ഡിഫൻസ് അണ്ടർ സെക്രട്ടറി മൈക്ക് ഡഫിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഈ വിഷയം ചർച്ചയായത്.

സ്റ്റെൽത്ത് സാങ്കേതികവിദ്യ, നൂതന സെൻസർ സംവിധാനങ്ങൾ, നെറ്റ്വർക്ക് സെൻട്രിക് വാർഫെയർ ശേഷി എന്നിവ സമന്വയിപ്പിച്ച എഫ്-35 വിമാനങ്ങൾ നിലവിൽ അമേരിക്കയുടെയും സഖ്യരാജ്യങ്ങളുടെയും വ്യോമക്കരുത്തിൽ പ്രധാനമാണ്. നിലവിൽ ഇന്ത്യ സ്വന്തമായി അഞ്ചാം തലമുറ യുദ്ധവിമാനമായ ‘അംക’ (AMCA) വികസിപ്പിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിലും, വ്യോമസേന നേരിടുന്ന യുദ്ധവിമാനങ്ങളുടെ കുറവ് പരിഹരിക്കാൻ എഫ്-35 മികച്ച താൽക്കാലിക പരിഹാരമായേക്കാം. ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം വികസിപ്പിക്കാൻ വാഷിംഗ്ടൺ എത്രത്തോളം താല്പര്യപ്പെടുന്നു എന്നതിന്റെ തെളിവുകൂടിയാണ് ഈ നീക്കം.
എങ്കിലും, എഫ്-35 ഇന്ത്യ സ്വന്തമാക്കുന്നത് സാങ്കേതികവും രാഷ്ട്രീയവുമായ നിരവധി വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. റഷ്യൻ നിർമ്മിത പ്രതിരോധ സംവിധാനങ്ങൾ വലിയ തോതിൽ ഉപയോഗിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് അമേരിക്കയുടെ ഈ സെൻസിറ്റീവ് പ്ലാറ്റ്ഫോം സംയോജിപ്പിക്കുക എന്നത് സങ്കീർണ്ണമാണ്. ഡാറ്റാ ഷെയറിംഗ് നിയമങ്ങളും പ്രവർത്തന സ്വയംഭരണാധികാരവും സംബന്ധിച്ച കടുത്ത നിബന്ധനകൾ ഇതിനൊപ്പമുണ്ടാകും. ക്വാഡ് ഉൾപ്പെടെയുള്ള കൂട്ടായ്മകളിലൂടെ ഇൻഡോ-പസഫിക് മേഖലയിൽ ഇന്ത്യയും യുഎസും സഹകരണം വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ, എഫ്-35 വിമാനങ്ങൾ സംബന്ധിച്ച ഈ സൂചന വലിയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.
During Foreign Secretary Vikram Misri’s high-level talks at the Pentagon, the US signaled a potential pathway for India to acquire F-35 stealth fighters, marking a new chapter in bilateral defense ties.
