ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ നാസിക് ഓഫീസിൽ ഉയർന്നുവന്ന ലൈംഗികാതിക്രമ പരാതികളിൽ ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ കടുത്ത ആശങ്ക രേഖപ്പെടുത്തി. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന യാതൊരുവിധത്തിലുള്ള അതിക്രമങ്ങളോ തെറ്റായ പെരുമാറ്റങ്ങളോ അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയങ്ങളിൽ ടാറ്റാ ഗ്രൂപ്പിന് വിട്ടുവീഴ്ചയില്ലാത്ത നയമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

നാസിക് ഓഫീസിലെ എട്ട് വനിതാ ജീവനക്കാരാണ് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര പീഡനാരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്താൻ ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അന്വേഷണത്തോട് കമ്പനി പൂർണ്ണമായും സഹകരിക്കുമെന്നും ചന്ദ്രശേഖരൻ ഉറപ്പുനൽകി.
നാസിക് ടിസിഎസ് ഓഫീസിലെ ഏഴ് ജീവനക്കാരെ ഇതിനോടകം തന്നെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എച്ച്ആർ മാനേജർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് പീഡനാരോപണത്തെത്തുടർന്ന് അറസ്റ്റിലായത്. മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് പുറമെ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളും നടന്നതായാണ് ജീവനക്കാരുടെ പരാതിയിൽ പറയുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ആരോപണവിധേയരായ എല്ലാ ജീവനക്കാരെയും കമ്പനി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സ്ഥാപനത്തിനുള്ളിലെ സുരക്ഷാ സംവിധാനങ്ങളിലും പ്രക്രിയകളിലും ആവശ്യമായ മാറ്റങ്ങൾ ഉടനടി നടപ്പിലാക്കുമെന്നും ചന്ദ്രശേഖരൻ അറിയിച്ചു.
Tata Sons Chairman N. Chandrasekaran addresses the serious allegations of harassment and misconduct at the TCS Nashik office, affirming the group’s zero-tolerance policy and promising strict action against offenders