ഇമിഗ്രേഷൻ കൗണ്ടറുകളിലെ ഓട്ടോമേറ്റഡ് ഇ-ഗേറ്റുകൾ (e-Gates) വഴി മിനിറ്റുകൾക്കുള്ളിൽ പുറത്തിറങ്ങാവുന്ന ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ (FTI-TTP) ഇപ്പോൾ 13 വിമാനത്താവളങ്ങളിൽ പ്രവർത്തനസജ്ജമായി. ഉദ്യോഗസ്ഥർ പാസ്‌പോർട്ട് പരിശോധിച്ച് സീൽ പതിപ്പിക്കുന്ന എമിഗ്രേഷൻ സംവിധാനത്തിന് പകരം, ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ തന്നെ ബയോമെട്രിക് (വിരലടയാളം, മുഖം) പരിശോധന വഴി വേഗത്തിൽ പുറത്തിറങ്ങാൻ കഴിയുന്ന സംവിധാനമാണിത്. ഇത് വിദേശ യാത്രക്കാർക്ക് മണിക്കൂറുകളോളം ക്യൂ നിൽക്കാതെ നിമിഷങ്ങൾക്കുള്ളിൽ ഇമിഗ്രേഷൻ ക്ലിയറൻസ് പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലും ഈ സൗകര്യം നിലവിൽ ലഭ്യമാണ്.

ഡൽഹി, മുംബൈ, ബംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങളിലും ഈ അത്യാധുനിക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്കും ഒസിഐ (OCI) കാർഡ് കൈവശമുള്ള വിദേശ പൗരന്മാർക്കുമാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവുക. ചുരുങ്ങിയത് ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് ഉള്ളവർക്കും ഏഴ് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. എന്നാൽ ‘എമിഗ്രേഷൻ ചെക്ക് റിക്വയർഡ്’ (ECR) വിഭാഗത്തിൽപ്പെട്ട പാസ്‌പോർട്ട് ഉള്ളവർക്ക് നിലവിൽ ഈ സൗകര്യം ലഭ്യമല്ല.
ഇമിഗ്രേഷൻ സമയത്ത് പാസ്‌പോർട്ടിൽ ഫിസിക്കൽ സ്റ്റാമ്പ് പതിപ്പിക്കില്ല എന്നതും പ്രത്യേകതയാണ്. ഈ പദ്ധതിയുടെ ഭാഗമാകാൻ താല്പര്യമുള്ള യാത്രക്കാർ ഔദ്യോഗിക പോർട്ടലായ (ftittp.mha.gov.in) വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ആവശ്യമായ രേഖകളും ഫോട്ടോയും അപ്‌ലോഡ് ചെയ്ത ശേഷം അധികൃതർ വിവരങ്ങൾ പരിശോധിക്കും. അപേക്ഷ അംഗീകരിച്ചാൽ യാത്രക്കാർക്ക് തങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ (വിരലടയാളവും മുഖവും) വിമാനത്താവളങ്ങളിലെ പ്രത്യേക കൗണ്ടറുകളിലോ അല്ലെങ്കിൽ ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിലോ (FRRO) നൽകാവുന്നതാണ്. ഒരിക്കൽ രജിസ്‌ട്രേഷൻ പൂർത്തിയായാൽ, യാത്രക്കാർക്ക് ഇമിഗ്രേഷൻ ഏരിയയിലെ ഇ-ഗേറ്റുകളിൽ പാസ്‌പോർട്ടും ബോർഡിംഗ് പാസും സ്കാൻ ചെയ്ത് ബയോമെട്രിക് പരിശോധനയിലൂടെ വളരെ വേഗത്തിൽ പുറത്തേക്ക് കടക്കാൻ സാധിക്കും
Skip the long queues with India’s new FTI-TTP system. Now operational at 13 airports including Kochi and Trivandrum, this biometric facility offers seamless clearance for Indian citizens and OCI cardholders
