വിമാനങ്ങളിലെ ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് (IFE) സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ഫ്രഞ്ച് എയ്‌റോസ്‌പേസ് ഭീമനായ തെയ്ൽസുമായി (Thales) എയർ ഇന്ത്യ പത്ത് വർഷത്തെ സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ‘ഫ്ലൈറ്റ്‌കെയർ’ (FlytCARE) പ്രോഗ്രാമിന് കീഴിലുള്ള ഈ കരാർ പ്രകാരം 57 എയർബസ്, ബോയിംഗ് വിമാനങ്ങളിലെ വിനോദ സംവിധാനങ്ങളുടെ പരിപാലനം, സ്പെയർ പാർട്സ് ലഭ്യമാക്കൽ, റിപ്പയർ എന്നിവ തെയ്ൽസ് നിർവഹിക്കും. നിലവിലുള്ള വിമാനങ്ങൾക്ക് പുറമെ അടുത്ത രണ്ട് വർഷത്തിനുള്ളിൽ എയർ ഇന്ത്യയുടെ ഭാഗമാകുന്ന പുതിയ ബോയിംഗ് 787-9, എയർബസ് A350 വിമാനങ്ങളിലും ഈ സേവനം ലഭ്യമാകും.

ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ തെയ്ൽസ് കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചായിരിക്കും അറ്റകുറ്റപ്പണികൾ നടക്കുക. ഏഷ്യ-പസഫിക് മേഖലയിൽ ആദ്യമായി 4K HDR ടച്ച്‌സ്‌ക്രീനുകളും ഫാസ്റ്റ് ചാർജിംഗ് സൗകര്യങ്ങളുമുള്ള തെയ്ൽസിന്റെ അത്യാധുനിക AVANT Up സിസ്റ്റം എയർ ഇന്ത്യയുടെ 12 പുതിയ വിമാനങ്ങളിൽ ഉൾപ്പെടുത്തും. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം നൽകുന്നതിനൊപ്പം വിമാനങ്ങളുടെ സാങ്കേതിക നിലവാരം മെച്ചപ്പെടുത്താനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.
Air India partners with Thales for the ‘FlytCARE’ program to maintain in-flight entertainment on 57 aircraft. The deal includes the advanced AVANT Up 4K HDR system for new A350 and B787 fleets.
