ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇറാൻ അധികൃതരുമായി നിരന്തര സമ്പർക്കം പുലർത്തുന്നു. തന്ത്രപ്രധാനമായ ജലപാതയിലൂടെ കടന്നുപോയ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് വിദേശകാര്യ മന്ത്രാലയം (MEA) ഇടപെടൽ ശക്തമാക്കിയത്. പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്ക് രാജ്യം മുൻഗണന നൽകുന്നുണ്ടെന്നും തടസ്സമില്ലാത്ത കപ്പൽ ഗതാഗതം ഉറപ്പാക്കണമെന്നും ഇറാനിയൻ അംബാസഡറെ വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

സംഭവത്തിന് പിന്നാലെ ‘സാംനാർ ഹെറാദ്’ എന്ന ടാങ്കറും ‘ജഗ് അർണവ്’ എന്ന ബൾക്ക് കാരിയറും പേർഷ്യൻ ഗൾഫിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ഇതിനോടകം പത്ത് ഇന്ത്യൻ കപ്പലുകൾ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി പിന്നിട്ടതായും മന്ത്രാലയം വ്യക്തമാക്കി. 31 ഇന്ത്യൻ ജീവനക്കാരുമായി മുംബൈയിലേക്ക് വരുന്ന ‘ദേശ് ഗരിമ’ ഉൾപ്പെടെയുള്ള കപ്പലുകളെ ഷിപ്പിംഗ് മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ആഗോളതലത്തിൽ എണ്ണ-വാതക വിതരണത്തെ ബാധിക്കുന്ന ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന ഇറാന്റെ ഭീഷണി നിലനിൽക്കെയാണ് ഇന്ത്യയുടെ ഈ ജാഗ്രത.
അന്താരാഷ്ട്ര തലത്തിൽ പ്രതിസന്ധികൾ തുടരുമ്പോഴും രാജ്യത്തെ ഇന്ധനലഭ്യത സുരക്ഷിതമാണെന്ന് സർക്കാർ ഉറപ്പ് നൽകി. എൽപിജി വിതരണത്തിന് മുൻഗണന നൽകിയിട്ടുണ്ടെന്നും ഗാർഹിക ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഗ്യാസ് ലഭ്യമാക്കുമെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. പെട്രോൾ, ഡീസൽ ശേഖരം നിലവിൽ പര്യാപ്തമാണ്. ഒപ്പം തന്നെ ഫാർമ, കെമിക്കൽ മേഖലകൾക്കായി പ്രത്യേക എൽപിജി വിഹിതം നീക്കിവെക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്.
Following reports of firing near Indian vessels, India’s MEA has initiated high-level talks with Iran to ensure the safety of Indian seafarers and uninterrupted transit through the strategic Strait of Hormuz
