ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് വൻ നിക്ഷേപത്തിനൊരുങ്ങി സാംസങ്, എൽജി, ഹ്യുണ്ടായ് തുടങ്ങിയ പ്രമുഖ ദക്ഷിണ കൊറിയൻ കമ്പനികൾ. ഇലക്ട്രിക് വാഹനങ്ങൾ (EV), സെമികണ്ടക്ടർ ചിപ്പുകൾ തുടങ്ങിയ അത്യാധുനിക മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇന്ത്യയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030ഓടെ 50 ബില്യൺ ഡോളറിലെത്തിക്കുകയാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യം. ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെ-മ്യുങ് നടത്തിയ ഇന്ത്യാ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണ്ണായക തീരുമാനങ്ങൾ.

ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യയിലെ ഇവി വിപണി പിടിക്കാൻ ടിവിഎസ് മോട്ടോർ കമ്പനിയുമായി കൈകോർക്കുമ്പോൾ, ചിപ്പ് നിർമ്മാണ രംഗത്ത് വൻ നിക്ഷേപത്തിനാണ് എസ്കെ ഹൈനിക്സ് (SK Hynix) പദ്ധതിയിടുന്നത്. ഇതിനുപുറമെ, കൊറിയൻ കമ്പനിയായ പോസ്‌കോയും (POSCO) ഇന്ത്യയിലെ ജെഎസ്ഡബ്ല്യു (JSW) ഗ്രൂപ്പും ചേർന്ന് ഒഡീഷയിൽ കൂറ്റൻ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 100 കോടി ഡോളറിലധികം നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗ്രീൻ എനർജി എന്നീ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തി.
നിലവിലെ 2,700 കോടി ഡോളറിന്റെ വ്യാപാരം ഇരട്ടിയാക്കുന്നതിലൂടെ ഇന്ത്യയെ ഒരു ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി 2010ലെ സ്വതന്ത്ര വ്യാപാര കരാർ (CEPA) പരിഷ്കരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ മേഖലകളിലെ കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതികൾ കൊറിയൻ കമ്പനികളെ ഇന്ത്യയിലേക്ക് കൂടുതൽ ആകർഷിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
India and South Korea aim to double bilateral trade to $50 billion by 2030. Key deals include Hyundai-TVS for EVs, SK Hynix for chips, and a $1 billion POSCO-JSW steel plant in Odisha
