യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും അസംസ്കൃത എണ്ണയുടെ ഇറക്കുമതിച്ചെലവും മറികടക്കാൻ വിദേശയാത്രകൾക്ക് സർക്കാർ നികുതിയോ സെസ്സോ ഏർപ്പെടുത്താൻ ഒരുങ്ങുന്നുവെന്ന മാധ്യമവാർത്തകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ്ണമായി തള്ളി. ഇത്തരം റിപ്പോർട്ടുകൾ തികച്ചും വ്യാജമാണെന്നും ഇതിൽ ഒരു ശതമാനം പോലും സത്യമില്ലെന്നും എക്സ് പ്ലാറ്റ്ഫോമിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി.

അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾക്ക് പിന്നാലെയാണ്, വിദേശയാത്രകൾക്ക് ഇത്തരത്തിലുള്ള യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്തതയുമായി പ്രധാനമന്ത്രി നേരിട്ടെത്തിയത്.
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ധനകാര്യ മന്ത്രാലയം ഒരു വർഷത്തേക്ക് താൽക്കാലികമായി സെസ്സ് ഏർപ്പെടുത്താൻ ചർച്ചകൾ നടത്തുന്നു എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ടുകൾ. രാജ്യത്തെ ജനങ്ങളുടെ ജീവിതസൗകര്യങ്ങളും ബിസിനസ്സ് സാഹചര്യങ്ങളും മെച്ചപ്പെടുത്താനാണ് സർക്കാർ എപ്പോഴും പ്രതിജ്ഞാബദ്ധമായിരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു
Prime Minister Narendra Modi clarifies on X that media reports claiming the government plans to levy a new tax or cess on foreign travel are completely false.
