ഇറാനുമായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം അനുവദിക്കുന്നതിനായി ചൊവ്വാഴ്ച നടത്താനിരുന്ന വലിയ തോതിലുള്ള സൈനികാക്രമണം തൽക്കാലത്തേക്ക് മാറ്റിവെച്ചതായി ട്രംപ് പ്രഖ്യാപിച്ചു. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയുന്നതിനുള്ള കരാറിലെത്താൻ വലിയ സാധ്യതയുണ്ടെന്നും നിലവിലെ സാഹചര്യങ്ങൾ തികച്ചും ശുഭസൂചനയാണെന്നും അദ്ദേഹം വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശങ്ങളോട് യുഎസ് അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ.

മിഡിൽ ഈസ്റ്റിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 14 ഇന നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് ആക്രമണം മാറ്റിവെച്ച കാര്യം ട്രംപ് സ്ഥിരീകരിച്ചത്. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ വ്യക്തിപരമായി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സൈനിക നടപടി നീട്ടിയതെന്ന് ട്രംപ് വെളിപ്പെടുത്തി. അമേരിക്കയ്ക്കും മിഡിൽ ഈസ്റ്റിലെ മറ്റ് സഖ്യകക്ഷികൾക്കും പൂർണ്ണമായും സ്വീകാര്യമായ ഒരു കരാറിലെത്താൻ ചർച്ചകളിലൂടെ സാധിക്കുമെന്ന് ഈ ഗൾഫ് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.
ആക്രമണം തൽക്കാലത്തേക്ക് മാറ്റിവെച്ചെങ്കിലും ഇറാനെതിരെയുള്ള സൈനിക ജാഗ്രത അമേരിക്ക കുറച്ചിട്ടില്ല. ചർച്ചകൾ പരാജയപ്പെടുകയോ, തങ്ങൾക്ക് സ്വീകാര്യമായ ഒരു കരാറിലേക്ക് ഇറാൻ വരാതിരിക്കുകയോ ചെയ്താൽ, ഏതു നിമിഷവും ശക്തമായ ആക്രമണം നടത്താൻ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.”നാളെ നടത്താനിരുന്ന സൈനികാക്രമണം വേണ്ടെന്നുവെച്ചിട്ടുണ്ട്. എന്നാൽ ഒരു നിമിഷത്തെ നോട്ടീസിൽ ഇറാന് മേൽ പൂർണ്ണവും വൻതോതിലുള്ളതുമായ ആക്രമണം അഴിച്ചുവിടാൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാനിയൽ കെയ്നും ഞാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്,” ട്രംപ് വ്യക്തമാക്കി.
US President Donald Trump pauses a scheduled large-scale military strike on Iran following peace proposals and direct requests from the leaders of Saudi Arabia, Qatar, and the UAE.
