പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (BSNL) തങ്ങളുടെ 4G നെറ്റ്‌വർക്ക് പൂർണ്ണമായും സുസ്ഥിരമാക്കിയതായും, ഇതോടെ ടെലികോം റേഡിയോ നെറ്റ്‌വർക്ക് ഉപകരണങ്ങൾ സ്വന്തമായി വികസിപ്പിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയതായും കേന്ദ്ര വാർത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖർ പെമ്മസാനി വ്യക്തമാക്കി.

മുൻപ് നേരിട്ടിരുന്ന സാങ്കേതിക തടസ്സങ്ങളെല്ലാം പരിഹരിച്ച്, ‘ആത്മനിർഭർ ഭാരത്’ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഇതിനകം ഒരു ലക്ഷത്തോളം തദ്ദേശീയ 4G ടവറുകൾ വിജയകരമായി സ്ഥാപിച്ചുകഴിഞ്ഞു. ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS), തേജസ് നെറ്റ്‌വർക്ക്സ്, സി-ഡോട്ട് (C-DoT) എന്നിവരടങ്ങുന്ന സഖ്യമാണ് ബിഎസ്എൻഎല്ലിനായി ഈ തദ്ദേശീയ സാങ്കേതികവിദ്യ വികസിപ്പിച്ചതും ടവറുകൾ സ്ഥാപിച്ചതും.
എറിക്സൺ, നോക്കിയ, ഹുവാവേ തുടങ്ങിയ ആഗോള കമ്പനികൾ മാത്രം മേധാവിത്വം പുലർത്തുന്ന ഈ രംഗത്ത് ഇന്ത്യ കൈവരിച്ച പുതിയ നേട്ടം, വരും ദിവസങ്ങളിൽ ഇന്ത്യൻ സാങ്കേതികവിദ്യയ്ക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് വഴിതുറക്കാൻ സഹായിക്കും. കൂടുതൽ ടവറുകൾ സ്ഥാപിച്ച് നെറ്റ്‌വർക്ക് വിപുലീകരിക്കുന്നതിനൊപ്പം, വരും നാളുകളിൽ ഈ തദ്ദേശീയ സംവിധാനത്തിലൂടെ ബിഎസ്എൻഎൽ 5G സേവനങ്ങളിലേക്ക് കടക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
BSNL successfully stabilises its fully indigenous 4G network with 1 lakh towers. India becomes the 4th country globally to develop home-grown telecom radio technology under Aatmanirbhar Bharat
