പാതിരാമണൽ ദ്വീപ് ലക്ഷ്യമാക്കി ജലഗതാഗത പ്രത്യേക ബോട്ട് സർവീസ് ആരംഭിച്ചതോടെ വേമ്പനാട്ടുകായലിലെ ഈ പ്രകൃതി ഭംഗി നിറഞ്ഞ ദ്വീപിലേക്ക് വിനോദ സഞ്ചാരികളുടെ വരവിൽ വൻ വർധന. ഇത് ദ്വീപിന്റെ ടൂറിസം സാധ്യതകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ വരവ് വർധിച്ചതോടെ ജലഗതാഗത വകുപ്പിന്റെ വരുമാനവും വർധിച്ചിട്ടുണ്ട്. മുൻ വർഷങ്ങളേക്കാൾ ഇരട്ടിയിലധികം പേരാണ് കായൽ മധ്യത്തിലെ ദ്വീപ് സൗന്ദര്യം ആസ്വദിക്കാനും ദേശാടന പക്ഷികളെ കാണാനും അവധിക്കാലത്ത് നിത്യേന എത്തിയത്.

കുറഞ്ഞ ചെലവിൽ കുട്ടനാടൻ കാഴ്ചകളും വിശാലമായ വേമ്പനാട് കായലിന്റെ ഭംഗിയുമടക്കം ആസ്വദിക്കാനാവുന്നവിധം ആലപ്പുഴ, മുഹമ്മ ബോട്ട് സ്റ്റേഷനിൽ നിന്നാണ് ബോട്ട് സർവീസുകൾ. ആലപ്പുഴയിൽ നിന്നും വിനോദ സഞ്ചാര ബോട്ടുകളായ സീ കുട്ടനാട്, വേഗ, കുട്ടനാട് സഫാരി എന്നിവയും മുഹമ്മ സ്റ്റേഷനിൽ നിന്നുള്ള സൗര സോളർ ബോട്ടിലും ഒപ്പം വാട്ടർ ടാക്സി സ്പെഷ്യൽ സർവീസുകളിലുമായാണ് സഞ്ചാരികൾ ദ്വീപിലെത്തുന്നത്.
മുഹമ്മ പഞ്ചായത്തിന്റെ കീഴിൽ വരുന്നതാണ് പാതിരാമണൽ ദ്വീപ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ആംഫി തിയറ്ററിൽ സന്ദർശക പാസ് മുഖേന പഞ്ചായത്തിന് മാസം തോറും 2 ലക്ഷത്തിലധികം രൂപ ശരാശരി പിരിഞ്ഞു കിട്ടുന്നുണ്ട്.
സഞ്ചാരികളുടെ തിരക്കേറുന്ന ദ്വീപിൽ നിലവിൽ ബോട്ടുകൾ അടുപ്പിക്കാൻ ഒരു ജെട്ടി മാത്രമേയുള്ളു എന്നതാണ് ഇവിടത്തെ ടൂറിസം സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നത്. കൂടുതൽ ഫ്ലോട്ടിങ് ജെട്ടികൾ സ്ഥാപിച്ചാൽ പ്രശ്‌നത്തിനു പരിഹാരമാകും. സന്ദർശകരുടെ തിരക്ക് പരിഗണിച്ച് കായിപ്പുറം ജെട്ടിയിൽ നിന്ന് കൂടി പാതിരാമണലിലേക്ക് ബോട്ട് സർവീസ് ആരംഭിക്കാൻ ജലഗതാഗത വകുപ്പ് നടപടികൾ കൈകൊണ്ടു വരികയാണ്.
Tourist footfall surges at Pathiramanal Island in Vembanad Lake following special budget boat services launched from Alappuzha and Muhamma by SWTD
