അമേരിക്ക ആസ്ഥാനമായുള്ള ടി-മൊബൈലും ജിയോയും ഉപഭോക്താക്കൾക്ക് തങ്ങളുടെ 5G നെറ്റ്വർക്കിൽ റോമിങ് സേവനം നൽകുന്നതിനായി ധാരണയിലെത്തി. ലോകത്തിലെ ആദ്യ 5G സ്റ്റാൻഡ് എലോൺ റോമിങ് സംവിധാനമാണിത്. ഇതിലൂടെ ഇരു നെറ്റ്വർക്കുകളിലെയും ഉപഭോക്താക്കൾക്ക് റോമിങ് സമയത്ത് 5G സിഗ്നൽ മാത്രം ലഭ്യമാകും.

സിനിവേഴ്സിന്റെ ഇന്ററോപ്പറബിലിറ്റി സംവിധാനത്തിന്റെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. രാജ്യാതിർത്തികൾ കടന്നും തടസ്സമില്ലാത്ത അടുത്ത തലമുറ നെറ്റ്വർക്ക് അനുഭവം സാധ്യമാകുമെന്നതിന്റെ നിർണായക തെളിവാണ് ഈ നേട്ടമെന്ന് കമ്പനികൾ അറിയിച്ചു.
അന്താരാഷ്ട്ര യാത്രയ്ക്കിടെ ടീ-മൊബൈൽ ഉപഭോക്താക്കൾക്ക് യഥാർഥ 5G സ്റ്റാൻഡലോൺ റോമിങ് അനുഭവം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സൗകര്യം യാഥാർഥ്യമാകുന്നത്. കൂടുതൽ വേഗത, കുറഞ്ഞ ലേറ്റൻസി, കൂടുതൽ വിശ്വസനീയമായ കണക്ഷൻ എന്നിവയാണ് 5G SA റോമിങ്ങിന്റെ പ്രധാന സവിശേഷതകൾ.
IoT, തത്സമയ ആശയവിനിമയം, ഇമ്മേഴ്സീവ് സാങ്കേതികവിദ്യകൾ തുടങ്ങിയ ഉയർന്ന നിലവാരത്തിലുള്ള ആഗോള കണക്റ്റിവിറ്റി ആവശ്യമായ പുതിയ തലമുറ ആപ്ലിക്കേഷനുകൾക്ക് ഈ സാങ്കേതികവിദ്യ വഴിയൊരുക്കും. വിവിധ രാജ്യങ്ങളിലെ നെറ്റ്വർക്കുകൾക്കിടയിൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഇന്റർകണക്ഷൻ ഉറപ്പാക്കുന്നതിലൂടെ 5G SA റോമിങ്ങിന്റെ ആഗോള വ്യാപനം വേഗത്തിലാക്കുന്നതിലും സിനിവേഴ്സിന്റെ കണക്റ്റിവിറ്റി പ്ലാറ്റ്ഫോം നിർണായക പങ്കുവഹിച്ചു.
ആഗോള വയർലെസ് മേഖലയിലെ നിർണായക ചുവടുവയ്പ്പാണിതെന്ന് ടീ-മൊബൈൽ ചീഫ് നെറ്റ്വർക്ക് ഓഫീസർ അങ്കുർ കപൂർ പറഞ്ഞു. 2020ൽ 5G സ്റ്റാൻഡലോൺ ഭാവിക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ് ഈ യാത്ര ആരംഭിച്ചത്. ഇന്ന് ജിയോ ഇന്ത്യയുമായി പങ്കാളിത്തത്തോടെ ആഗോളതലത്തിൽ ഈ മുന്നേറ്റം തുടരുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്ത് എത്തുമ്പോഴും സ്ട്രീമിങ്, യാത്രാ വീഡിയോകൾ പങ്കിടൽ, ബിസിനസ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കൽ തുടങ്ങിയവയിൽ 5G അനുഭവം തടസ്സമില്ലാതെ തുടരാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത് ഒരു റോമിങ് നേട്ടം മാത്രമല്ല, രണ്ട് മുൻനിര 5G സ്റ്റാൻഡലോൺ നെറ്റ്വർക്കുകൾ പരസ്പരം പ്രവർത്തിക്കുമ്പോൾ സാധ്യമാകുന്ന പുതിയ സാധ്യതകളുടെ തുടക്കമാണെന്ന് ജിയോയുടെ ഹെഡ് ഓഫ് ഇന്റർനാഷണൽ നെറ്റ്വർക്ക് മാർക്ക് യാർകോസ്കി പറഞ്ഞു. വ്യത്യസ്ത ഉപഭോക്തൃ, എന്റർപ്രൈസ് അനുഭവങ്ങൾ മുതൽ AI അധിഷ്ഠിത സേവനങ്ങൾ വരെ പുതിയ തലമുറ ക്രോസ്-നെറ്റ്വർക്ക് സേവനങ്ങൾക്ക് ഇതിലൂടെ അടിത്തറയൊരുങ്ങുന്നു. തടസ്സമില്ലാത്തതും പരസ്പരം പ്രവർത്തനക്ഷമവുമായ പുതിയ മൂല്യങ്ങൾ സൃഷ്ടിക്കുന്നതാണ് 5G SAയുടെ ഭാവി-അദ്ദേഹം ചൂണ്ടിക്കാട്ടി.
T-Mobile and Reliance Jio launch the world’s first 5G Standalone (SA) roaming service powered by Syniverse, enabling seamless high-speed connectivity across borders.
