രാജ്ധാനി എക്‌സ്പ്രസ് വൈകിയതിനെ തുടർന്ന് കേരളത്തിലേക്കുള്ള കണക്റ്റിങ് ഫ്ലൈറ്റ് നഷ്ടമായ രാജസ്ഥാൻ സ്വദേശികളായ ദമ്പതികൾക്ക് 69,000 രൂപ നഷ്ടപരിഹാരം നൽകാൻ റെയിൽവേയോട് ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷൻ. 2017 ഡിസംബറിൽ കോട്ട സ്വദേശിയായ അനിൽ കുമാർ റാണയും ഭാര്യയും തിരുവനന്തപുരത്തേക്ക് പോകാനിരിക്കെയാണ് സംഭവം നടന്നത്. ഡൽഹിയിൽ നിന്നുള്ള വിമാനം പിടിക്കുന്നതിനായി കോട്ടയിൽ നിന്നും രാവിലെ പുറപ്പെടേണ്ട രാജ്ധാനി എക്സ്പ്രസിൽ ടിക്കറ്റെടുത്ത ഇവർക്ക്, ട്രെയിൻ 4 മണിക്കൂറിലധികം വൈകി വൈകുന്നേരം മാത്രം ഡൽഹിയിൽ എത്തിയതിനെ തുടർന്ന് ഫ്ലൈറ്റ് നഷ്ടപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ രാത്രി മുഴുവൻ ചെലവഴിച്ച ദമ്പതികൾക്ക് അടുത്ത ദിവസം 73,000 രൂപയോളം അധികം നൽകിയാണ് പുതിയ ടിക്കറ്റ് എടുക്കേണ്ടി വന്നത്.

ഇതിനെതിരെ ദമ്പതികൾ നൽകിയ പരാതിയിൽ വെസ്റ്റ് സെൻട്രൽ റെയിൽവേ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് രാജസ്ഥാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ റെയിൽവേയുടെ ഭാഗത്തുനിന്നും സേവന കുറവുണ്ടായതായി വിധിച്ചത്. അപകടങ്ങളോ പ്രകൃതിക്ഷോഭങ്ങളോ പോലുള്ള അടിയന്തര സാഹചര്യങ്ങൾ കൊണ്ടാണ് ട്രെയിൻ വൈകിയതെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ റെയിൽവേയ്ക്ക് സാധിച്ചില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. യാത്രക്കാർ റെയിൽവേ സമയവിവരപ്പട്ടികയെ വിശ്വസിച്ചാണ് തുടർയാത്രകൾ ആസൂത്രണം ചെയ്യുന്നത്. വിമാന ടിക്കറ്റ് ഇനത്തിൽ വന്ന അധികച്ചെലവ്, ഹോട്ടൽ താമസം, മാനസിക ബുദ്ധിമുട്ടുകൾ, കോടതിച്ചെലവ് എന്നിവ കണക്കാക്കിയാണ് 69,001 രൂപയും അതിന്റെ പലിശയും നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടിരിക്കുന്നത്.
A consumer court has ordered Indian Railways to pay ₹69,000 to a couple who missed their connecting flight to Kerala due to a 4-hour Rajdhani Express delay
