കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി നിലവിൽ വരുന്നതിന് മുന്നോടിയായി, ടിക്കറ്റ് ഇതര വരുമാനം (Non-fare revenue) വർദ്ധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജൂൺ 15-ന് തിരുവനന്തപുരം തമ്പാനൂർ ബസ് ടെർമിനലിൽ വെച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും.

പ്രതിമാസം 60 കോടിയിലധികം രൂപയും പ്രതിവർഷം 800 കോടിയോളം രൂപയും അധിക ബാധ്യത വരുത്തുന്ന ഈ പദ്ധതിയുടെ മുഴുവൻ ചിലവുകളും സംസ്ഥാന സർക്കാർ ഗ്രാന്റായി കെഎസ്ആർടിസിക്ക് നൽകുമെന്നും ഇതിന്റെ ഭാരം കോർപ്പറേഷന് മേൽ വരില്ലെന്നും ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. പദ്ധതിയിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ആഘാതം കൃത്യമായി വിലയിരുത്തുന്നതിനായി സ്ത്രീകൾക്ക് ‘സീറോ ഫെയർ’ ടിക്കറ്റുകൾ വിതരണം ചെയ്യും.
തുടക്കത്തിൽ സാമ്പത്തിക നഷ്ടമായി തോന്നാമെങ്കിലും സാധാരണക്കാരായ സ്ത്രീകളുടെ യഥാർത്ഥ വരുമാനത്തിൽ 15 മുതൽ 25 ശതമാനം വരെ വർദ്ധനവ് ഉണ്ടാക്കാൻ ഈ സാമൂഹ്യക്ഷേമ പദ്ധതിക്ക് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. യാത്രാക്കൂലി ഇനത്തിൽ ലാഭിക്കുന്ന തുക കുടുംബത്തിന്റെ ആഹാരം, മരുന്ന്, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയ്ക്കായി വിനിയോഗിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിനായി പരസ്യങ്ങൾ വർദ്ധിപ്പിക്കുക, കൊറിയർ-ലോജിസ്റ്റിക്സ് സർവീസുകൾ കൂടുതൽ വിപുലപ്പെടുത്തുക തുടങ്ങിയ നൂതന മാർഗ്ഗങ്ങളിലൂടെ കെഎസ്ആർടിസിയുടെ ടിക്കറ്റിതര വരുമാനം ഉയർത്താനാണ് സർക്കാർ ഇപ്പോൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് അധിക ബാധ്യത വരുത്താതെ ബസുകളുടെ എണ്ണം കൂട്ടുന്നതിനായി സ്വകാര്യ സ്പോൺസർഷിപ്പ് അനുവദിക്കാനുള്ള പുതിയ പദ്ധതിയും സർക്കാർ തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. വ്യക്തികൾക്കും കമ്പനികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും കെഎസ്ആർടിസി ബസുകൾ സ്പോൺസർ ചെയ്യാനും, പകരം ഈ ബസുകളിൽ അവരുടെ ബ്രാൻഡിംഗ് പ്രദർശിപ്പിക്കാനുമുള്ള മാതൃകയാണ് വിഭാവനം ചെയ്യുന്നത്. ഇതിനായുള്ള കരട് നിർദ്ദേശം തയ്യാറാക്കിവരികയാണെന്നും വിശദമായ മാർഗ്ഗരേഖ പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയുടെ സർവീസുകൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നടപടി.
Kerala Government launches the ‘Priyadarshini’ scheme offering free travel for women in KSRTC ordinary buses, while boosting non-fare revenue to manage costs.