ആഗ്രഹങ്ങൾക്ക് അനുസരിച്ച് കൂടുതൽ കാര്യങ്ങൾ നിർവഹിക്കണമെന്നും എന്തെങ്കിലുമൊക്കെ ചെയ്തു തുടങ്ങുന്നവരാണ് പിന്നീട് പുതിയ ഉയരങ്ങൾ കീഴടക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം. ജോൺ. വിദ്യാര്‍ഥികളിലെ സംരംഭകത്വവും നവീകരണ ചിന്തയും പ്രോത്സാഹിപ്പിക്കുന്നതിന് ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് (ടി വൈ ഇ) കൊച്ചിയിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷൻ ഡിജിറ്റല്‍ ഹബ്ബില്‍ സംഘടിപ്പിച്ച ഗ്ലോബല്‍ സമ്മിറ്റ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംരംഭകത്വമെന്നതിലൂടെ ടൈ ഉദ്ദേശിക്കുന്നത് സ്ഥാപനമോ പുതിയ പദ്ധതിയോ ആരംഭിക്കുന്നത് മാത്രമല്ലെന്നും വിദ്യാർഥികളുടെ സമഗ്ര വികസനം കൂടിയാണെന്നും മന്ത്രി പറഞ്ഞു. സാധ്യതകൾ അന്വേഷിക്കുന്നവരെയല്ല സാധ്യതകൾ സൃഷ്ടിക്കന്നവരെയാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. സംരംഭകത്വ പ്രോത്സാഹനത്തിന് സർക്കാർ വലിയ പിന്തുണയാണ് നൽകുന്നത്. നിർമിത ബുദ്ധി ലോകത്തിന് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാക്ടറും കംപ്യൂട്ടറും ലോകത്ത് കൊണ്ടുവന്നതു പോലുള്ള മാറ്റമാണ് നിർമിത ബുദ്ധിയിലൂടെയും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ജോലികൾ നാളെ നിലനിൽക്കണമെന്നില്ല. അതുകൊണ്ടു തന്നെ ഈ രംഗത്ത് പുതുമകൾ കൊണ്ടുവരുന്ന വിദ്യാർഥികളെയാണ് രാജ്യവും സമൂഹവും കാത്തിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംരംഭകത്വം വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. ഓരോ പദ്ധതിയും പുതിയ പാഠങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (KSUM) സഹകരണത്തോടെയാണ് ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സ് (ടൈ) കേരള ചാപ്റ്റർ ഗ്ലോബല്‍ സമ്മിറ്റ് സംഘടിപ്പിച്ചത്.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനൂപ് അംബിക, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടി വൈ ഇ കേരള ചെയറും ഗ്ലോബല്‍ ബോര്‍ഡ് അംഗവുമായ വിനോദിനി സുകുമാര്‍, ടൈ കേരള വൈസ് പ്രസിഡന്റ് ഡോ. ജീമോന്‍ കോര, ടൈ ഗ്ലോബൽ പ്രതിനിധി പിയാലി ചതോപാധ്യായ്, നാവൽട്ട് ബോട്ട്സ് സിഇഒ സന്ദിത് തണ്ടാശ്ശേരി എന്നിവർ പ്രസംഗിച്ചു. വിവിധ വിദ്യാർഥി സ്റ്റാർട്ടപ്പ് സ്ഥാപകരെയും പ്രതിനിധികളേയും ചടങ്ങിൽ ആദരിച്ചു.
ഉച്ചകോടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ സ്റ്റാര്‍ട്ടപ്പ് ടീമുകളും സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ ഏകദേശം 2,000 വിദ്യാര്‍ഥികളും പങ്കെടുത്തു. ടി വൈ ഇ ഗ്ലോബല്‍ ഫൈനല്‍സിന് മുന്നോടിയായി നടന്ന സമ്മേളനത്തിൽ വിദ്യാര്‍ഥി സ്റ്റാര്‍ട്ടപ്പ് പ്രദര്‍ശനങ്ങള്‍, മേക്കര്‍ ഫെയര്‍, റോബോട്ടിക്‌സ്, നിര്‍മിത ബുദ്ധി, ഗെയിമിങ് സാങ്കേതികവിദ്യകളുടെ അവതരണങ്ങള്‍, സംരംഭകരുമായുള്ള സംവാദങ്ങള്‍, മെന്റര്‍ ക്ലിനിക്കുകള്‍, സാങ്കേതികവിദ്യാ- നവീകരണ എക്സ്പോ, ബൗദ്ധിക സ്വത്തവകാശ (ഐ പി) ക്ലിനിക്ക് എന്നിവ നടന്നു.
TiE Kerala, in association with KSUM, hosted the TYE Global Summit in Kochi, drawing around 2,000 students to showcase school startups, AI, and robotics
