സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയ്ക്ക് വൻ ഉത്തേജനം നൽകി കേരളത്തിന്റെ പുതുക്കിയ ബജറ്റ്. ബജറ്റിൽ 1284.75 കോടി രൂപയാണ് ഘർജ മേഖലയ്ക്ക് വകയിരുത്തിയിരിക്കുന്നത്. ഊർജ്ജമേഖലയുടെ സമഗ്ര വികസനത്തിനായി കെഎസ്ഇബിക്ക് വിവിധ ധനസ്രോതസ്സുകളിലൂടെ 1218.71 കോടി രൂപയും പാരമ്പര്യേതര-പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളുടെ വികസനത്തിനായി 66.04 കോടി രൂപയുമാണ് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്.

ആഗോള ഊർജ്ജ പ്രതിസന്ധിയും ഫോസിൽ ഇന്ധനങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണവും മറികടക്കാൻ പുനരുപയോഗ ഊർജ്ജത്തിന്റെ വൻതോതിലുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പുനരുപയോഗ ശേഷിയുള്ള ഊർജ്ജം, ഗ്രീൻ ഹൈഡ്രജൻ, മറ്റ് ഇതര ഊർജ്ജ സ്രോതസ്സുകൾ എന്നിവയ്ക്കായി മാത്രം ബജറ്റിൽ 100 കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.
കേരളം ഗ്രീൻ ഹൈഡ്രജൻ ഹബ്ബാകും
സംസ്ഥാനത്തെ പ്രകൃതിദത്ത റിസർവോയറുകളിൽ ഫ്ലോട്ടിംഗ് സോളാർ പാനൽ സിസ്റ്റം സ്ഥാപിക്കുന്നത് വിപുലമാക്കുന്നതിനൊപ്പം ഭാവി ഊർജ്ജ സുരക്ഷയ്ക്കായി ‘പമ്പ്ഡ് ഹൈഡ്രോ എനർജി സ്റ്റോറേജ്’ (Pumped Hydro Energy Storage) സാങ്കേതികവിദ്യ നടപ്പിലാക്കും. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ഗ്രീൻ അമോണിയ, ഗ്രീൻ മെഥനോൾ, ഗ്രീൻ ഹൈഡ്രജൻ എന്നിവയാക്കി മാറ്റിക്കൊണ്ട് കേരളത്തെ ആഗോള ‘ഗ്രീൻ ഹൈഡ്രജൻ ഹബ്ബ്’ ആക്കി മാറ്റുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ വി.ഡി. സതീശൻ വ്യക്തമാക്കി.
വൻകിട ബാറ്ററി സ്റ്റോറേജ്
വൈദ്യുതി ഉപഭോഗം ഏറ്റവും ഉയർന്നുനിൽക്കുന്ന ‘പീക്ക് ഡിമാൻഡ്’ സമയങ്ങളിലെ പ്രതിസന്ധി പരിഹരിക്കാൻ വൻകിട ബാറ്ററി സ്റ്റോറേജ് സംവിധാനം സ്ഥാപിക്കും. ഇതിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും ‘കമ്മ്യൂണിറ്റി അധിഷ്ഠിത ബാറ്ററി എനർജി സ്റ്റോറേജ്’ (Community based Battery Energy Storage) സംവിധാനം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കും.
ഇലക്ട്രിക് വാഹന നികുതി കുറച്ചു
ഇലക്ട്രിക് വാഹന നികുതി കുറച്ചത് സാധാരണക്കാർക്ക് ആശ്വാസമാകും. പരിസ്ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി ഘടനയാണ് പരിഷ്കരിച്ചത്. ഇടത്തരം ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി കുറച്ചപ്പോൾ ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർദ്ധിപ്പിച്ചിട്ടുണ്ട്.10 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി നിലവിലെ 5 ശതമാനത്തിൽ നിന്നും 3 ശതമാനമായി കുറച്ചു.
15 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള ഇവികളുടെ നികുതി 8 ശതമാനത്തിൽ നിന്നും 5 ശതമാനമായും കുറച്ചിട്ടുണ്ട്.എന്നാൽ, 40 ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരുന്ന ആഡംബര ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 10 ശതമാനത്തിൽ നിന്നും 15 ശതമാനമായി വർദ്ധിപ്പിച്ചു.മറ്റ് നികുതി നിരക്കുകളിൽ മാറ്റമില്ല. സാധാരണക്കാർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പുതിയ നികുതി ഇളവ് വലിയ രീതിയിൽ സഹായകരമാകും.
Kerala Budget allocates ₹1284.75 crore for the power sector and cuts road tax on budget electric vehicles to 3% while increasing tax on luxury EVs.
