കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് വൻ കരുത്തുപകർന്ന് 2026-27 വർഷത്തെ പരിഷ്കരിച്ച സംസ്ഥാന ബജറ്റ്. പുതുക്കിയ ബജറ്റിൽ 325.36 കോടി രൂപയാണ് ടൂറിസം മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. ടൂറിസത്തിന് വ്യവസായ പദവി നൽകുമെന്നതാണ് ഈ ബജറ്റിലെ ഏറ്റവും നിർണായകമായ പ്രഖ്യാപനം. മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ, ടൂറിസം സംരംഭങ്ങൾക്ക് മറ്റ് വ്യവസായങ്ങൾക്ക് ലഭിക്കുന്ന വൈദ്യുതി, വെള്ളം, നികുതി തുടങ്ങിയ എല്ലാ ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാക്കുമെന്ന് വ്യക്തമാക്കുന്നു.

ഇതിന് പുറമെ പ്ലാന്റേഷൻ മേഖലകളിലെ ഭൂമി ടൂറിസം ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരുമെന്നും ബജറ്റിലുണ്ട്. ആതിഥേയത്വം, പൈതൃകം, ഇക്കോ, മെഡിക്കൽ ടൂറിസം എന്നിവയ്ക്ക് ഊന്നൽ നൽകുന്ന പദ്ധതികൾക്കൊപ്പം ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ എന്നിവിടങ്ങളിൽ വനിതകൾ ഉൾപ്പെടുന്ന ‘ഗ്രീൻ മാർഷൽസ്’ പദ്ധതിയും നടപ്പിലാക്കും.
ആലപ്പുഴയിലെ മെഗാ ടൂറിസം സർക്യൂട്ട് നവീകരിക്കുന്നതിനൊപ്പം അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പുതിയ സർക്യൂട്ട് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശസ്തമായ മുസിരിസ് പൈതൃക പദ്ധതിയുടെ വിപുലീകരണത്തിനായി 19 കോടി രൂപയും, സംസ്ഥാനത്തെ സമുദ്ര ടൂറിസം മേഖലയ്ക്ക് പുതിയ മുഖം നൽകുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയത്തിനായി 50 കോടി രൂപയും അനുവദിച്ചു.
പാതിരാമണൽ ദ്വീപിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും ഇവിടേക്ക് റോപ്‌വേ സ്ഥാപിക്കുമെന്നും ബജറ്റിലുണ്ട്. ടൂറിസത്തിന് വ്യവസായ പദവി നൽകാനുള്ള ചരിത്രപരമായ തീരുമാനത്തെ കേരള ട്രാവൽ മാർട്ട് (KTM) സൊസൈറ്റി സ്വാഗതം ചെയ്യുകയും ഇത് സംസ്ഥാനത്തേക്ക് വലിയ തോതിൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ സഹായിക്കുമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
Kerala’s revised 2026-27 budget allocates ₹325.36 crore to tourism and grants industry status to the sector. The move is expected to boost investments, infrastructure, eco-tourism, heritage tourism, and employment opportunities across the state.
Kerala’s revised 2026-27 budget allocates ₹325.36 crore to tourism and grants industry status to the sector. The move is expected to boost investments, infrastructure, eco-tourism, heritage tourism, and employment opportunities across the state
