പൊതുഗതാഗത രംഗത്തെ മികവിന് ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര പുരസ്‌കാരങ്ങളിലൊന്നായ UITP ഇംപാക്ട് അവാര്‍ഡ് 2026 കരസ്ഥമാക്കി കൊച്ചി മെട്രോ. കൊച്ചി മെട്രോ റെയില്‍ : എ സസ്റ്റൈനബിള്‍ മള്‍ട്ടി മോഡല്‍ ഇന്റഗ്രേഷന്‍ പ്രൊജക്റ്റ് ഫോര്‍ ബെറ്റര്‍ കണക്റ്റിവിറ്റി’ എന്ന പേരില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് സമര്‍പ്പിച്ച പദ്ധതിക്കാണ് പുരസ്‌കാരം.

വിവിധ ഗതാഗത സംവിധാനങ്ങള്‍ സംയോജിപ്പിച്ച് നടപ്പിലാക്കിയ നൂതന മള്‍ട്ടിമോഡല്‍ ഇന്റഗ്രേഷന്‍ പദ്ധതി മെട്രോ റെയിൽ, കൊച്ചി വാട്ടർ മെട്രോ, ഇലക്ട്രിക് ഫീഡർ ബസുകൾ, കാൽനടയാത്രക്കാർക്കുള്ള ആധുനിക സൗകര്യങ്ങൾ, സൈക്കിൾ ഷെയറിംഗ് സംവിധാനം, ഡിജിറ്റൽ മൊബിലിറ്റി സേവനങ്ങൾ എന്നിവയെ ഒരൊറ്റ ശൃംഖലയിലേക്ക് ഏകോപിപ്പിച്ചതാണ് നേട്ടത്തിന് പിന്നിൽ.
യാത്രക്കാർക്ക് തടസ്സമില്ലാത്തതും സൗകര്യപ്രദവും പരിസ്ഥിതി സൗഹൃദവുമായ യാത്രാനുഭവം ഒരുക്കിയ പദ്ധതിയെന്ന നിലയിലാണ് കൊച്ചിൻ മോഡൽ അന്താരാഷ്ട്ര തലത്തിൽ ജൂറിയുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റിയത്.
മെട്രോ സ്റ്റേഷനുകളില്‍ നിന്ന് യാത്രാ സൗകര്യം അനായാസമാക്കാന്‍ ഇലക്ട്രിക് ഫീഡര്‍ ബസുകള്‍ ലഭ്യമാക്കി. കാല്‍നടയാത്രക്കാര്‍ക്കുള്ള ആധുനിക നടപ്പാതകള്‍, നഗരത്തില്‍ പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനുള്ള സൈക്കിള്‍ ഷെയറിംഗ് സംവിധാനം, ഇവയെല്ലാം ഒരുമിച്ച് ഏകോപിപ്പിക്കുന്ന ഡിജിറ്റല്‍ മൊബിലിറ്റി ആപ്പുകള്‍, സേവനങ്ങള്‍ തുടങ്ങിയ പ്രത്യേകതകളാണ് കൊച്ചി മെട്രോക്ക് പുരസ്‌കാരം നേടിക്കൊടുത്തത്.
ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന ചടങ്ങില്‍ പൊതുഗതാഗത രംഗത്തെ ആഗോള സംഘടനയായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് പുരസ്‌കാരം സമ്മാനിച്ചു. ആഗോള തലത്തിലെ മികച്ചതും പരിസ്ഥിതി സൗഹൃദപരവുമായ പൊതുഗതാഗത മാതൃകകളെയാണ് യു ഐ ടി പി ഇംപാക്ട് അവാര്‍ഡിനായി പരിഗണിക്കാറുള്ളത്.
ലോകോത്തര നിലവാരത്തിലുള്ള, സുസ്ഥിരവും യാത്രക്കാരെ കേന്ദ്രീകരിച്ചുള്ളതുമായ ഗതാഗത സംവിധാനങ്ങൾ ഒരുക്കാനുള്ള കെ.എം.ആർ.എല്ലിന്‍റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്‌ടർ ലോക്‌നാഥ് ബെഹ്റ പറഞ്ഞു.
കൊച്ചി വാട്ടർ മെട്രോയിലൂടെ കായലുകളാൽ ചുറ്റപ്പെട്ട കൊച്ചിക്ക് പുതിയൊരു യാത്രാസംസ്‌കാരം നൽകാൻ കെ.എം.ആർ.എല്ലിന് സാധിച്ചിട്ടുണ്ട്. ഒപ്പം, ഒറ്റ ടിക്കറ്റിൽ വിവിധ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്ന സംയോജിത ടിക്കറ്റിംഗ് സംവിധാനം, ലാസ്റ്റ് മൈൽ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഇലക്ട്രിക് ഫീഡർ ബസ് സർവീസുകൾ, ട്രാൻസിറ്റ് ഓറിയന്‍റഡ് ഡെവലപ്‌മെന്‍റ് (TOD) തുടങ്ങിയ സുസ്ഥിരമായ പല സംരംഭങ്ങളിലൂടെയും കാർബൺ പുറന്തള്ളൽ വൻതോതിൽ കുറയ്ക്കാൻ കൊച്ചിക്ക് കഴിഞ്ഞു.
മൾട്ടിമോഡൽ ഗതാഗത സംവിധാനങ്ങൾ ഫലപ്രദമായി വികസിപ്പിക്കുന്നതിൽ ഇന്ത്യയിലെ മറ്റ് നഗരങ്ങൾക്ക് വലിയൊരു മാതൃകയാണ് കൊച്ചി മെട്രോ ഇപ്പോൾ . ഈ അന്താരാഷ്ട്ര അംഗീകാരം കൊച്ചിയുടെ സുസ്ഥിര നഗരഗതാഗത മാതൃകയ്ക്ക് ആഗോള തലത്തിൽ കൂടുതൽ പ്രശസ്‌തി നേടിക്കൊടുക്കും. രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും ഇത്തരം സംയോജിത ഗതാഗത പരിഹാരങ്ങൾ വ്യാപിപ്പിക്കാനുള്ള കെ.എം.ആർ.എല്ലിന്‍റെ വരാനിരിക്കുന്ന പ്രവർത്തനങ്ങൾക്ക് ഇത് വിശ്വാസ്യത വർധിപ്പിക്കും.
Kochi Metro wins the prestigious UITP Impact Award 2026 in Brussels for its sustainable multimodal integration project combining Metro, Water Metro, and e-feeders.
