ബഹിരാകാശ ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കാൻ സജ്ജമായി ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ ഓര്ബിറ്റ് എയ്ഡ് എയറോസ്പേസ് (OrbitAID Aerospace). 2026 നവംബറിൽ ഐഎസ്ആർഒയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SSLV) റോക്കറ്റിൽ 30 കിലോഗ്രാം ഭാരമുള്ള ‘ആയുഷ് സാറ്റ്-1എ’ (AayulSAT-1A) എന്ന ഉപഗ്രഹം കമ്പനി വിക്ഷേപിക്കും. ബഹിരാകാശ വാഹനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഡോക്കിംഗ് (Docking), ആന്തരികമായി ഇന്ധനം നിറയ്ക്കൽ, ഇൻസ്പെക്ഷൻ തുടങ്ങിയ ശേഷികൾ തെളിയിക്കുകയാണ് ഈ ദൗത്യത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ധനം തീർന്നുപോകുന്ന ഉപഗ്രഹങ്ങളെ ഉപേക്ഷിക്കുന്നതിന് പകരം ആയുസ്സ് വർധിപ്പിക്കാൻ സാധിക്കും.

ശ്രീഹരിക്കോട്ടയിൽ നിന്നായിരിക്കും ഈ സുപ്രധാന വിക്ഷേപണം നടക്കുകയെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ ശക്തികുമാർ വ്യക്തമാക്കി. ഇതിനുപുറമേ, വിദേശ രാജ്യങ്ങളുടെ ടെക്നോളജികളെ വെല്ലുന്ന തരത്തിൽ കൂടുതൽ വിപുലമായ പരീക്ഷണങ്ങൾക്കായി രണ്ട് ഉപഗ്രഹങ്ങൾ ഉൾപ്പെടുത്തിയുള്ള അടുത്ത ഘട്ട ദൗത്യം 2027 ആദ്യ പാദത്തിൽ നടത്താനും ഓർബിറ്റ് എയ്ഡ് പദ്ധതിയിടുന്നുണ്ട്. ബഹിരാകാശത്ത് ഒരു ഫ്യുവൽ സ്റ്റേഷൻ സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് നവംബറിലെ ഈ വിക്ഷേപണമെന്ന് കമ്പനി അധികൃതർ അറിയിച്ചു.
Indian spacetech startup OrbitAID Aerospace is set to test satellite refueling and docking technology with the ‘AayuSat-1A’ launch via ISRO’s SSLV in November 2026.
