എഐ അധിഷ്ഠിത ഹെൽത്ത്‌കെയർ സ്റ്റാർട്ടപ്പായ ‘മൈകെയർ.എഐ’ (MyKare.ai) തങ്ങളുടെ സീരീസ് എ ഫണ്ടിംഗ് റൗണ്ടിലൂടെ 3.2 മില്യൺ ഡോളർ (ഏകദേശം 26 കോടിയിലധികം രൂപ) നിക്ഷേപം സമാഹരിച്ചു. Papa.com സ്ഥാപകരായ ആൻഡ്രൂ, ആൽഫ്രെഡോ എന്നിവരും മിഡിൽ ഈസ്റ്റിൽ നിന്നുള്ള പ്രമുഖ ഫാമിലി ഓഫീസും പങ്കാളികളായ റൗണ്ടിൽ നിന്നാണ് കമ്പനി ഈ പുതിയ മൂലധനം കണ്ടെത്തിയത്.

ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും അപ്പോയിന്റ്മെന്റ് ബുക്കിംഗ്, രോഗികളുമായുള്ള ആശയവിനിമയം തുടങ്ങിയ ഭരണപരമായ ജോലികൾ എഐ ഏജന്റുകൾ വഴി കാര്യക്ഷമമാക്കുന്ന പ്ലാറ്റ്‌ഫോമാണ് മൈകെയർ.എഐ നൽകുന്നത്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, യുകെ, യുഎസ്എ എന്നീ രാജ്യങ്ങളിലെ ആരോഗ്യ സംഘടനകൾക്ക് സേവനം നൽകുന്ന കമ്പനി, തങ്ങളുടെ എഐ സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കുന്നതിനും ആഗോള വിപണി വിപുലീകരണത്തിനുമായാണ് പുതിയ ഫണ്ട് ഉപയോഗിക്കുക.
ആരോഗ്യമേഖലയിലെ പരമ്പരാഗത പ്രശ്നങ്ങൾക്ക് എഐ വഴി പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യം ഈയൊരു വലിയ നേട്ടത്തിൽ എത്തിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് മൈകെയർ.എഐ സിഇഓയും ഫൗണ്ടറുമായ സെനു സാം പറഞ്ഞു
. കഴിഞ്ഞ വർഷങ്ങളിൽ ഒട്ടനവധി പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഡോളർ ഭാവിയിലെ വലിയ എഐ ചിന്തകൾക്കായി നിക്ഷേപിക്കപ്പെടുമ്പോൾ, മൈകെയർ ശ്രദ്ധ കേന്ദ്രീകരിച്ചത് ആശുപത്രികളിലെ അടിസ്ഥാനപരമായ പ്രശ്നത്തിലാണ്. നിലവിൽ പത്തിലധികം വ്യത്യസ്ത ടൂളുകൾ കൈകാര്യം ചെയ്യേണ്ടി വരുന്ന ആരോഗ്യ പ്രവർത്തകർക്ക്, രോഗി എത്തുന്നതു മുതൽ അപ്പോയിന്റ്മെന്റുകൾ, ഫോളോ-അപ്പുകൾ, അവരുടെ ഫീഡ്‌ബാക്ക് വരെയുള്ള കാര്യങ്ങൾ സ്വയം നിയന്ത്രിക്കുന്ന ‘എഐ-നേറ്റീവ് ഹെൽത്ത്‌കെയർ ഓപ്പറേറ്റിംഗ് സിസ്റ്റം’ ആണ് മൈകെയർ ഒരുക്കുന്നത്. ഈ പുതിയ ഫണ്ടിംഗ് കേവലമൊരു മൂലധന സമാഹരണമല്ല, മറിച്ച് കഠിനവും എന്നാൽ ആരും ശ്രദ്ധിക്കാതെ പോയതുമായ വലിയ പ്രശ്നത്തിന് മൈകെയർ കണ്ടെത്തിയ പരിഹാരത്തിനുള്ള അംഗീകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
AI-powered healthcare startup MyKare.ai has raised $3.2 million in its Series A funding round to scale its AI-native operating system and expand globally.
