ഡൽഹിയിലെ ബസുകൾ ഭാവിയിൽ മുനിസിപ്പൽ മാലിന്യങ്ങളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. മാലിന്യങ്ങൾ തരംതിരിച്ച് ബയോഡൈജസ്റ്ററുകൾ വഴി ഹൈഡ്രജൻ ഉൽപ്പാദിപ്പിക്കുമെന്നും, ഈ ശുദ്ധമായ ഇന്ധനം പൊതുഗതാഗത സംവിധാനത്തിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹി ബി.ജെ.പി സംഘടിപ്പിച്ച യുവജന സമ്മേളനത്തിൽ സംസാരിക്കവെയാണ് ഗഡ്കരി തന്റെ കാഴ്ചപ്പാട് പങ്കുവെച്ചത്. മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ നിർമ്മിക്കുകയെന്നത് പ്രായോഗികമാണെന്നും, മാലിന്യരഹിത ഇന്ത്യയെന്ന ലക്ഷ്യം 2027-ഓടെ പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ വർഷം തോറും 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും, അതിനാൽ ഹരിത ഇന്ധനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഇ20 പെട്രോൾ (20 ശതമാനം എത്തനോൾ ചേർത്തത്) ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇ20 പെട്രോൾ കാരണം തകരാറിലായ ഒരു കാർ പോലും രാജ്യത്തില്ലെന്നും, തെറ്റായ പ്രചാരണങ്ങളാണ് ഇതിന് പിന്നിലെന്നും ഗഡ്കരി വ്യക്തമാക്കി. മാലിന്യ സംസ്കരണത്തിലൂടെ വരുമാനം നേടാൻ കഴിയുമെന്നും, തന്റെ മണ്ഡലത്തിലെ മുനിസിപ്പൽ കോർപ്പറേഷൻ സംസ്കരിച്ച മലിനജലം വിറ്റ് പ്രതിവർഷം 325 കോടി രൂപ വരുമാനം നേടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Union Minister Nitin Gadkari announces that Delhi buses will run on green hydrogen produced from municipal waste using biodigesters to promote clean energy.
