തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം സമ്മാനിക്കുന്ന ‘തായ്മാമൻ തങ്ക മോതിരം തിട്ടം’ എന്ന പുതിയ പദ്ധതി സെപ്റ്റംബർ 15-ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ദ്രാവിഡ ഐക്കൺ അണ്ണാദുരൈയുടെ ജന്മവാർഷിക ദിനത്തിലാണ് പദ്ധതിക്ക് തുടക്കമാകുന്നത്. കുടുംബത്തിൽ പുതിയ അതിഥി എത്തുമ്പോൾ അമ്മാവൻ (തായ്മാമൻ) സ്വർണ്ണ സമ്മാനം നൽകുന്ന തമിഴ് സംസ്കാരത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. 13,600 രൂപ വിലമതിക്കുന്ന സ്വർണ്ണ മോതിരമാണ് ഓരോ കുഞ്ഞിനും ലഭിക്കുക.

ഈ പദ്ധതിക്കായി പ്രതിവർഷം 755.83 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ പ്രസവിക്കുന്ന എല്ലാ അമ്മമാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം വർഷത്തിൽ ഏകദേശം 4.2 ലക്ഷത്തോളം പ്രസവങ്ങൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. പദ്ധതിയുടെ നടത്തിപ്പിനും മേൽനോട്ടത്തിനുമായി പ്രത്യേക ഭരണ സമിതിയെയും സർക്കാർ രൂപീകരിക്കും. റേഷൻ കാർഡ്, വോട്ടർ ഐഡി, [Aadhaar Redacted], തൊഴിൽ ക്ഷേമ ബോർഡ് നൽകുന്ന തിരിച്ചറിയൽ കാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും ഒന്ന് താമസസ്ഥലം തെളിയിക്കുന്ന രേഖയായി സമർപ്പിച്ച് ഗുണഭോക്താക്കൾക്ക് ഈ ആനുകൂല്യം നേടാം.

Tamil Nadu Chief Minister C. Joseph Vijay will launch the ‘Thaimaman Thanga Mothiram Thittam’ on Sept 15, gifting a 1g gold ring to newborns in government hospitals.

Share.
Leave A Reply

Exit mobile version