നിരീക്ഷണം, വിവരശേഖരണം, ദീർഘദൂര ആശയവിനിമയം എന്നിവ ലക്ഷ്യമിട്ട് തദ്ദേശീയമായി സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പുകൾ വികസിപ്പിക്കാനുള്ള വമ്പൻ പദ്ധതിയുമായി ഇന്ത്യ. 15,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ‘എയർഷിപ്പ്-ബേസ്ഡ് ഹൈ ആൾട്ടിറ്റ്യൂഡ് സ്യൂഡോ സാറ്റലൈറ്റ്’ (AS-HAPS) പദ്ധതിക്കായി സ്വകാര്യ കമ്പനികളെ സർക്കാർ ക്ഷണിച്ചു. ഡ്രോണുകൾക്കും ഉപഗ്രഹങ്ങൾക്കും ഇടയിലുള്ള പരിധിയിൽ, ഭൂമിയിൽ നിന്ന് 20 കിലോമീറ്ററിലധികം ഉയരത്തിൽ മാസങ്ങളോളം തുടർച്ചയായി പ്രവർത്തിക്കാൻ ശേഷിയുള്ളവയായിരിക്കും ഈ എയർഷിപ്പുകൾ. പ്രതിരോധ മന്ത്രാലയത്തിന്റെ ‘മേക്ക്-1’ നടപടിക്രമത്തിലൂടെ നടപ്പിലാക്കുന്ന പദ്ധതിയുടെ ഗവേഷണ-വികസന ചെലവുകളുടെ 70 ശതമാനം വരെ സർക്കാർ വഹിക്കും. സാങ്കേതികവും സാമ്പത്തികവുമായ കരുത്ത് തെളിയിക്കുന്ന കമ്പനികളെ വികസന പങ്കാളികളായി തിരഞ്ഞെടുക്കാനാണ് സേനയുടെ നീക്കം.
ഇന്ത്യൻ വ്യോമസേനയുടെ നേതൃത്വത്തിൽ അതീവ രഹസ്യസ്വഭാവമുള്ളതും അത്യാധുനികവുമായ സ്ട്രാറ്റോസ്ഫെറിക് എയർഷിപ്പ് പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. ശത്രുരാജ്യങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാനും ദീർഘദൂര ആശയവിനിമയങ്ങൾ സുഗമമാക്കാനും ലക്ഷ്യമിട്ടുള്ള ഈ പ്ലാറ്റ്‌ഫോമുകൾ ഒപ്റ്റിക്കൽ സെൻസറുകൾ, റഡാറുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ് ഉപകരണങ്ങൾ എന്നിവ കൊണ്ട് സജ്ജമായിരിക്കും. ഉപഗ്രഹങ്ങൾക്ക് സമാനമായി പ്രവർത്തിക്കാൻ കഴിയുന്ന ഈ എയർഷിപ്പുകൾ നിർമ്മിക്കാൻ രാജ്യത്തെ ബഹിരാകാശ-പ്രതിരോധ മേഖലയിലെ മുൻനിര കമ്പനികൾ ഇതിനകം മത്സരരംഗത്തുണ്ട്. കഴിഞ്ഞ വർഷം മധ്യപ്രദേശിൽ ഡിആർഡിഒ നടത്തിയ പരീക്ഷണ പറക്കലിന്റെ വിജയം ഈ പദ്ധതിക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. ആഗോളതലത്തിൽ ഈ സാങ്കേതികവിദ്യയിൽ വികസിത രാജ്യങ്ങൾ മത്സരിക്കുമ്പോൾ, ഇന്ത്യയുടെ ഈ നീക്കം പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കാണ് വഴിയൊരുക്കുക
India invites private partners for its Rs 15,000 crore Airship-Based High Altitude Pseudo Satellite (AS-HAPS) project to boost defense surveillance
