തിരുവനന്തപുരം നഗരത്തിന്റെ പൈതൃക ജലപാതയായ പാർവതി പുത്തനാറിനെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ഓണത്തിന് മുൻപായി പുതിയ ഇലക്ട്രിക് ബോട്ട് സർവീസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. കോവളം–ബേക്കൽ ദേശീയ ജലപാതാ പദ്ധതിയുടെ ഭാഗമായ ഈ കനാലിലൂടെ പരിസ്ഥിതി സൗഹൃദമായ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ബോട്ടുകളാണ് സർവീസ് നടത്തുക. ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പദ്ധതി ടൂറിസ്റ്റുകൾക്കും നഗരവാസികൾക്കും ഒരുപോലെ പ്രയോജനകരമാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

വേളിയിൽ നിന്ന് ആരംഭിച്ച് 10 മുതൽ 20 കിലോമീറ്റർ വരെ ദൂരപരിധിയിൽ സർവീസ് നടത്തുന്നതിനാണ് നിലവിൽ പദ്ധതിയിട്ടിരിക്കുന്നത്. വർക്കല ടണലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ, നിലവിൽ അഞ്ചുതെങ്ങ് വരെയുള്ള ഭാഗങ്ങളിലാണ് ബോട്ട് സർവീസ് സാധ്യമാവുക. കനാലിലെ ജലപാത ശുചീകരിച്ചും പോള നീക്കം ചെയ്തും സുഗമമായ യാത്ര ഉറപ്പാക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Kerala government plans to launch eco-friendly solar-powered electric boat services through the historic Parvathy Puthanar canal by Onam as part of the national waterway project.
