ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് 16 കോച്ചുകളുള്ള പുതിയ റെയ്ക്ക് അനുവദിച്ചുകൊണ്ട് റെയിൽവേ ബോർഡ് ഉത്തരവായി. നിലവിലുള്ള 8 കോച്ച് സർവീസിന് പകരമായി എത്തുന്ന ഈ പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ സർവീസ് ആരംഭിക്കും. ഈ മാറ്റത്തോടെ ട്രെയിൻ്റെ യാത്രാ ശേഷി ഇരട്ടിയിലധികമാകും.

ആകെ സീറ്റുകളുടെ എണ്ണം 530-ൽ നിന്ന് 1,128 ആയി ഉയരുന്നതോടെ, വരാനിരിക്കുന്ന ഓണാഘോഷത്തിനായി നാട്ടിലേക്ക് മടങ്ങുന്ന മലയാളി യാത്രക്കാരുടെ ടിക്കറ്റ് ബുദ്ധിമുട്ടുകൾക്ക് വലിയ തോതിൽ പരിഹാരമാകും. റൂട്ടിലെ കനത്ത തിരക്ക് കാരണം ഓഗസ്റ്റ് 21, 22 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ചെയർകാർ ടിക്കറ്റുകളുടെ വെയിറ്റിങ് ലിസ്റ്റ് ഇതിനകം നൂറ് കടന്നിട്ടുണ്ട്.
കൂടാതെ, ഓഗസ്റ്റ് 29 മുതൽ 31 വരെയുള്ള തിയതികളിൽ ബെംഗളൂറിലേക്കുള്ള മടക്കയാത്രയ്ക്ക് ഒരു കൺഫേംഡ് ടിക്കറ്റ് പോലും ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത്. കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലൂടെ കൂടുതൽ യാത്രക്കാർക്ക് വരുംദിവസങ്ങളിൽ കൺഫേംഡ് ടിക്കറ്റ് ലഭിക്കുമെന്നും തിരക്കേറിയ ഓണക്കാലത്ത് ഇത് വലിയ ആശ്വാസമാകുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കുന്നു.
Indian Railways upgrades the Bengaluru-Ernakulam Vande Bharat Express to a 16-coach train to manage the heavy Onam rush, doubling passenger capacity.
