ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകൾക്കും ക്രമക്കേടുകൾക്കുമെതിരെ നടപടി കർശനമാക്കാൻ കേന്ദ്ര സർക്കാർ. ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുന്നതിനും 5 മാസത്തിനകം അന്വേഷണവും വിചാരണയും പൂർത്തിയാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന പുതിയ ബില്ലിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി.
രാജ്യത്ത് വൻ പ്രതിഷേധങ്ങൾക്കിടയാക്കിയ നീറ്റ് (NEET) ഉൾപ്പെടെയുള്ള മത്സരപരീക്ഷകളുടെ ചോദ്യപേപ്പർ ചോർച്ച തടയുന്നതിനായി കടുത്ത ശിക്ഷാ നടപടികളുമായി കേന്ദ്ര സർക്കാർ. ചോദ്യപേപ്പർ ചോർച്ചയിൽ പങ്കാളികളാകുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷയും 10 കോടി രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
2024-ൽ പ്രാബല്യത്തിൽ വന്ന Public Examinations (Prevention of Unfair Means) Actകൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ടാണ് പുതിയ ഭേദഗതി ബിൽ കൊണ്ടുവരുന്നത്.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ:
ചോദ്യപേപ്പർ ചോർത്തുന്ന സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള തടവുശിക്ഷയും പിഴത്തുകയും ഗണ്യമായി വർധിപ്പിച്ചു. പരമാവധി 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയുമാണ് നിർദ്ദേശിച്ചിട്ടുള്ളത്.
കേസ് വിചാരണയ്ക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കും. ഹൈക്കോടതികളുടെ കീഴിലായിരിക്കും ഈ പ്രത്യേക കോടതികൾ പ്രവർത്തിക്കുക. 5 മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാകും.അന്വേഷണത്തിന് 2 മാസം സമയവും വിചാരണ പൂർത്തിയാക്കാൻ 3 മാസത്തെ സമയവും ഉണ്ടാകും.ആകെ 5 മാസത്തിനുള്ളിൽ കേസുകളിൽ അന്തിമവിധിയുണ്ടാകും.
അടുത്തിടെ നടന്ന നീറ്റ്-യുജി (NEET-UG), യുജിസി-നെറ്റ് (UGC-NET) പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചയും രാജ്യത്തുടനീളം വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചിരുന്നു. വിദ്യാർത്ഥികളുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ നിയമം കൂടുതൽ കടുപ്പിക്കാൻ തീരുമാനിച്ചത്.
വരുന്ന പാർലമെന്റ് സമ്മേളനത്തിൽ പുതിയ ഭേദഗതി ബിൽ അവതരിപ്പിക്കുമെന്നാണ് സൂചന. ഭേദഗതി നിയമമാകുന്നതോടെ രാജ്യത്തെ പൊതുപരീക്ഷകളുടെ സുതാര്യതയും വിശ്വസനീയതയും ഉറപ്പുവരുത്താൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Union Cabinet approves tough new anti-paper leak Bill featuring 10-year prison terms, heavy penalties, and mandatory fast-track trials.
