ലിങ്ക്ഡ്ഇൻ Cities on the Rise 2026 പട്ടികയിൽ രാജ്യത്തെ ഏറ്റവും വേഗത്തിൽ തൊഴിൽ അവസരങ്ങൾ വളരുന്ന നഗരങ്ങളുടെ പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി വിശാഖപട്ടണവും ലുധിയാനയും. മെട്രോ നഗരങ്ങൾക്ക് പുറത്തുള്ള ടയർ-2 നഗരങ്ങളാണ് നിലവിൽ ഇന്ത്യയുടെ തൊഴിൽ വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്നതെന്നും വിവിധ വ്യവസായ മേഖലകളുടെ വികേന്ദ്രീകരണമാണ് ഈ മുന്നേറ്റത്തിന് കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലിങ്ക്ഡ്ഇന്റെ പഠനമനുസരിച്ച് 2022ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഒഴിവിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി വർധിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയിലെ 72 ശതമാനം പ്രൊഫഷണലുകളും ഈ വർഷം പുതിയ ജോലി തേടുന്നവരാണ്. എന്നാൽ കൃത്രിമ ബുദ്ധി (AI) അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളുമായി ബന്ധപ്പെട്ട നൈപുണ്യ വിടവും വർധിച്ച മത്സരവും കാരണം ജോലി കണ്ടെത്തൽ കൂടുതൽ പ്രയാസകരമായതായി 76 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ സ്വന്തം സംസ്ഥാനങ്ങൾക്ക് സമീപം തന്നെ മികച്ച തൊഴിലവസരങ്ങളും വ്യവസായ വൈവിധ്യവും നൽകുന്ന നഗരങ്ങളാണ് വിശാഖപട്ടണവും ലുധിയാനയും പോലുള്ള കേന്ദ്രങ്ങളെന്ന് ലിങ്ക്ഡ്ഇൻ വ്യക്തമാക്കുന്നു.
വിശാഖപട്ടണം: ടെക്‌നോളജിയും തുറമുഖവും കരുത്ത്
ആന്ധ്രാപ്രദേശിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമായി വളരുന്ന വിശാഖപട്ടണം പരമ്പരാഗത തുറമുഖ നഗരത്തിൽ നിന്ന് സാങ്കേതികവിദ്യ, നിർമ്മാണം, ഫാർമസ്യൂട്ടിക്കൽ, ലോജിസ്റ്റിക്സ് എന്നിവയുടെ കേന്ദ്രമായി അതിവേഗം മാറുകയാണ്. ടയർ-2 നഗരങ്ങളിലെ ഐടി വളർച്ചയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറുന്ന ഇവിടെ ആഗോള കപ്പാസിറ്റി സെന്ററുകളും (GCC), ഐടി കമ്പനികളും ഡാറ്റാ സെന്ററുകളും പ്രവർത്തനം വ്യാപിപ്പിക്കുന്നു. കുറഞ്ഞ പ്രവർത്തനച്ചെലവും പ്രാദേശികമായി ലഭ്യമായ പ്രഗൽഭരായ ജീവനക്കാരുമാണ് കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
വിശാഖപട്ടണം തുറമുഖവും ഗംഗാവരം തുറമുഖവും നഗരത്തെ സമുദ്ര വ്യാപാരത്തിന്റെയും ചരക്ക് ഗതാഗതത്തിന്റെയും പ്രധാന കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ സാഗർമാല പദ്ധതിയുടെ ഭാഗമായി ഷിപ്പിങ്, ഷിപ്പ് ബിൽഡിങ്, സപ്ലൈ ചെയിൻ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലും തൊഴിലവസരങ്ങൾ വർധിക്കുകയാണ്. പരവാഡയിലെ ജവഹർലാൽ നെഹ്റു ഫാർമ സിറ്റിയിൽ പ്രവർത്തിക്കുന്ന ദേശീയ-അന്തർദേശീയ മരുന്ന് കമ്പനികൾ ബയോടെക്, കെമിക്കൽ എൻജിനീയറിങ്, ഗവേഷണ മേഖലകളിൽ വലിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കുന്നു.
വിശാഖ് സ്റ്റീൽ പ്ലാന്റ് (RINL), എച്ച്പിസിഎൽ, ഈസ്റ്റേൺ നേവൽ കമാൻഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാന്നിധ്യം മെക്കാനിക്കൽ, സിവിൽ, പ്രതിരോധ എൻജിനീയറിങ് മേഖലകളിലും സ്ഥിരമായ തൊഴിൽ സാധ്യത ഉറപ്പാക്കുന്നു. ഐഐഎം വിശാഖപട്ടണം, ആന്ധ്രാ സർവകലാശാല തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രഗൽഭരായ മനുഷ്യവിഭവശേഷി ഒരുക്കുന്നതും നഗരത്തിന്റെ വളർച്ചയ്ക്ക് കരുത്താകുന്നു. ഭോഗപുരം അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വിശാഖപട്ടണത്തിന്റെ നിക്ഷേപ ആകർഷണം വർധിപ്പിക്കുന്നു.
നിർമാണത്തിൽ നിന്ന് ലോജിസ്റ്റിക്സിലേക്കുള്ള ലുധിയാനയുടെ വളർച്ച
‘ഇന്ത്യയുടെ മാഞ്ചസ്റ്റർ’ എന്നറിയപ്പെടുന്ന പഞ്ചാബിലെ ലുധിയാന പരമ്പരാഗത നിർമ്മാണ കേന്ദ്രമെന്ന നിലയിൽ നിന്ന് ആധുനിക ലോജിസ്റ്റിക്സ്, അഗ്രോ-പ്രോസസിങ്, സപ്ലൈ ചെയിൻ മേഖലകളിലേക്കും വ്യാപിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഹോസിയറി, റെഡിമെയ്ഡ് വസ്ത്ര, അക്രിലിക് ഫൈബർ ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഇവിടെ പ്രമുഖ ടെക്സ്റ്റൈൽ കമ്പനികളുടെ നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിലൂടെ ഡിസൈൻ, ഓപ്പറേഷൻസ്, മാനേജ്മെന്റ് മേഖലകളിൽ വലിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
സൈക്കിൾ നിർമാണത്തിന്റെ ദേശീയ കേന്ദ്രമായ ലുധിയാനയിൽ ഹീറോ സൈക്കിൾസ്, എവോൺ തുടങ്ങിയ പ്രമുഖ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഓട്ടോ പാർട്സ്, മെഷീൻ ടൂൾസ്, വ്യവസായ ഉപകരണ നിർമാണം എന്നിവയും നഗരത്തിന്റെ വ്യവസായ അടിത്തറ ശക്തമാക്കുന്നു.
മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കും (MMLP) ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറുമായുള്ള (EDFC) നേരിട്ടുള്ള ബന്ധവും ലോജിസ്റ്റിക്സ്, വെയർഹൗസിങ്, ചരക്ക് ഗതാഗത മേഖലകളിൽ വലിയ തൊഴിൽ വളർച്ചയ്ക്ക് വഴിയൊരുക്കി. ഇന്ത്യയുടെ കാർഷിക മേഖലയുമായി അടുത്ത ബന്ധമുള്ളതിനാൽ കാർഷിക യന്ത്ര നിർമാണം, ഭക്ഷ്യസംസ്‌കരണം, അഗ്രിടെക് മേഖലകളിലും ലുധിയാന മുന്നിലാണ്. ഇ-കൊമേഴ്‌സ് കമ്പനികൾ പ്രാദേശിക എംഎസ്എംഇ യൂണിറ്റുകളുമായി കൂടുതൽ സഹകരണം ആരംഭിച്ചതോടെ ഡിജിറ്റൽ ഓപ്പറേഷൻസ്, വെൻഡർ മാനേജ്മെന്റ്, സപ്ലൈ ചെയിൻ മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ രൂപപ്പെടുകയാണ്.
ടയർ-2 നഗരങ്ങളിലേക്കുള്ള കമ്പനികളുടെ നീക്കം
മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ഭൂമി വില, ഓഫീസ് വാടക, പ്രവർത്തന ചെലവ്, ജീവനക്കാരെ നിലനിർത്താനുള്ള എളുപ്പം എന്നിവ ടയർ-2 നഗരങ്ങളെ കമ്പനികൾക്ക് കൂടുതൽ ആകർഷകമാക്കുന്നുണ്ട്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ‘ഹബ് ആൻഡ് സ്പോക്ക്’ മാതൃകയിലേക്ക് കമ്പനികൾ മാറിയതോടെ പ്രാദേശിക നഗരങ്ങളിൽ പുതിയ ഓഫീസുകളും വികസന കേന്ദ്രങ്ങളും ആരംഭിക്കുന്ന പ്രവണത ശക്തമായിട്ടുണ്ട്. മെച്ചപ്പെട്ട വിമാനത്താവളങ്ങൾ, അതിവേഗ പാതകൾ, വ്യവസായ ഇടനാഴികൾ എന്നിവയും ഈ നഗരങ്ങളുടെ വളർച്ചയ്ക്ക് പിന്തുണ നൽകുന്ന പ്രധാന ഘടകങ്ങളാണ്.
ലിങ്ക്ഡ്ഇന്റെ Cities on the Rise 2026 പട്ടികയിൽ വിശാഖപട്ടണം, ലുധിയാന എന്നിവയ്ക്ക് പിന്നാലെ സൂറത്ത്, വഡോദര, പ്രയാഗ്‌രാജ്, രാജ്കോട്ട്, ജബൽപുർ, റാഞ്ചി, റായ്പൂർ, വിജയവാഡ എന്നീ നഗരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഐടി സേവനങ്ങളും ടെക്‌നോളജി കൺസൾട്ടിങ്ങും എല്ലാ നഗരങ്ങളിലെയും പ്രധാന നിയമന മേഖലകളിൽ ഉൾപ്പെടുമ്പോൾ ബാങ്കിങ്, ധനകാര്യ സേവന മേഖല എട്ട് നഗരങ്ങളിലെ മുൻനിര തൊഴിൽദാതാക്കളായി തുടരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Visakhapatnam and Ludhiana lead LinkedIn’s Cities on the Rise 2026 list as India’s fastest-growing employment hubs driven by tech, logistics, and manufacturing.
