ഡൽഹി ജന്തർ മന്തറിലെ പ്രതിഷേധത്തെ തുടർന്ന് രാജ്യവ്യാപക ശ്രദ്ധ നേടുകയാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ (CJP) പ്രധാന വക്താക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർ. നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും ഉയർത്തിക്കാട്ടി വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടാണ് സംഘടന പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. ഇതോടെ സിജെപിയുടെ പ്രധാന നേതാക്കളുടെ വിദ്യാഭ്യാസ യോഗ്യതകളും തൊഴിൽ പശ്ചാത്തലവും ചർച്ചയാകുകയാണ്.
അഭിജീത് ദിപ്കെ: ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ്
കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകനും പ്രസ്ഥാനത്തിന്റെ പ്രധാന മുഖവുമായ അഭിജീത് ദിപ്കെ രാഷ്ട്രീയ ആശയവിനിമയ രംഗങ്ങളിൽ വൈദഗ്ധ്യമുള്ള വ്യക്തിയാണ്. 30കാരനായ ദിപ്കെ പൂനെയിൽ നിന്ന് ജേർണലിസത്തിൽ ബിരുദം നേടിയ ശേഷം അമേരിക്കയിലേക്ക് ഉപരിപഠനത്തിനായി പോയി. അടുത്തിടെയാണ് അദ്ദേഹം ബോസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയത്.
2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുമായി (AAP) ചേർന്ന് സമൂഹമാധ്യമ പ്രചാരണങ്ങളും തിരഞ്ഞെടുപ്പ് ക്യാമ്പെയ്നുകളും കൈകാര്യം ചെയ്തിരുന്ന രാഷ്ട്രീയ പശ്ചാത്തലമാണ് അഭിജീത്തിന്റേത്. 2020ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ യുവ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള മീം അധിഷ്ഠിത ഡിജിറ്റൽ പ്രചാരണങ്ങളിലും അദ്ദേഹം പങ്കെടുത്തതായി റിപ്പോർട്ടുകളുണ്ട്.
സൗരവ് ദാസ്: അമിറ്റി സർവകലാശാലയിൽ നിന്ന് ജേർണലിസം ബിരുദം
കോക്രോച്ച് ജനത പാർട്ടിയുടെ മുഖ്യ വക്താവാണ് സൗരവ് ദാസ്. സംഘടന നൽകുന്ന ഔദ്യോഗിക വിവരമനുസരിച്ച് നിയമ, നീതിന്യായ, സാമൂഹിക വിഷയങ്ങൾ റിപ്പോർട്ട് ചെയ്ത് മുൻപരിചയമുള്ള ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റാണ് അദ്ദേഹം. 2025 നവംബറിൽ ഇന്ത്യാ ഗേറ്റിൽ നടന്ന മലിനീകരണ വിരുദ്ധ സമരത്തിലും ദാസ് പങ്കാളിയായിരുന്നു. 2016 മുതൽ 2019 വരെ അമിറ്റി സർവകലാശാലയിൽ പഠിച്ച ദാസ്, ബാച്ചിലർ ഓഫ് ആർട്സ് ഇൻ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ്.
അശുതോഷ് റങ്ക: ഐഐടി കാൺപൂർ, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്
സംഘടനയുടെ മൂന്നാമത്തെ പ്രധാന വക്താവാണ് അശുതോഷ് റങ്ക. എൻജിനീയറിങ്, പൊതുനയ രൂപവത്കരണം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പശ്ചാത്തലം. സംഘടനയുടെ വിവരമനുസരിച്ച് പൊതുതാൽപര്യ ക്യാമ്പെയ്നുകളിലും കൺസൾട്ടിങ് മേഖലയിലും പ്രവർത്തിച്ച മുൻപരിചയം അദ്ദേഹത്തിനുണ്ട്.
ഐഐടി കാൺപൂരിൽ നിന്ന് എൻജിനീയറിങ്ങിൽ ബി.ടെക് പൂർത്തിയാക്കിയ അശുതോഷ് റങ്ക പിന്നീട് ബ്രിട്ടനിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ (LSE) നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേർസ് ബിരുദം നേടി. തുടർന്ന് ലണ്ടനിലെ മക്കിൻസി ആൻഡ് കമ്പനിയിലും പ്രവർത്തിച്ച് കൺസൾട്ടിങ്, ആഗോള നയരൂപവത്കരണം തുടങ്ങിയ മേഖലകളിൽ പരിചയം നേടി.
A look at the educational qualifications and professional backgrounds of CJP leaders Abhijeet Dipke, Saurav Das, and Ashutosh Ranka amid NEET paper leak protests.
