അഹമ്മദാബാദ്-മുംബൈ അതിവേഗ റെയിൽ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ആദ്യത്തെ ഭൂഗർഭ ബുള്ളറ്റ് ട്രെയിൻ സ്റ്റേഷന്റെ നിർമ്മാണം മുംബൈയിലെ ബാന്ദ്ര-കുർള കോംപ്ലക്സിൽ (BKC) പുരോഗമിക്കുന്നു. മുംബൈ നഗരത്തിലെ സ്ഥലപരിമിതി കാരണം ഉപരിതലത്തിൽ നിർമ്മിക്കാൻ കഴിയാത്തതിനാലാണ് ഈ റെയിൽവേ ടെർമിനൽ പൂർണ്ണമായും ഭൂഗർഭത്തിൽ സജ്ജമാക്കുന്നത്. ഏകദേശം 10 നില കെട്ടിടത്തിന്റെ ആഴത്തിൽ, അതായത് ഭൂനിരപ്പിൽ നിന്ന് 32 മീറ്റർ താഴെയായാണ് ഈ കൂറ്റൻ സംവിധാനം ഒരുങ്ങുന്നത്.
പ്രമുഖ എൻജിനീയറിങ് കമ്പനിയായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (MEIL Group) ആണ് ഈ ചരിത്രപ്രധാനമായ പദ്ധതിയുടെ നിർമ്മാണ ചുമതല വഹിക്കുന്നത്. ഭൂഗർഭ സ്ഥലം ഒരുക്കുന്നതിനായി ഏകദേശം 18 ലക്ഷം ക്യുബിക് മീറ്റർ മണ്ണും പാറയുമാണ് ഇവിടെ നീക്കം ചെയ്യുന്നത്. പദ്ധതിയുടെ നിർമ്മാണ വേളയിൽ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ഇതുവരെ വലിയ അപകടമോ ലംഘനമോ ഇല്ലാതെ 11 ദശലക്ഷത്തിലധികം സുരക്ഷിത മാൻ-ഹൗസുകൾ പൂർത്തിയാക്കാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്.
പൂർണ്ണരൂപത്തിലാകുമ്പോൾ ആറ് ഭൂഗർഭ നിലകളുള്ള സംവിധാനമായിരിക്കും ഈ സ്റ്റേഷൻ. ഇവയെ പ്രധാനമായും മൂന്ന് ലെവലുകളായി തിരിച്ചിരിക്കുന്നു. ഇതിൽ മുകളിലെ നില സാങ്കേതിക സേവനങ്ങളും അറ്റകുറ്റപ്പണികൾക്കുമുള്ള ഭാഗമാണ്. യാത്രക്കാർക്കായുള്ള വിശാലമായ കോൺകൗസ് ഏരിയയാണ് രണ്ടാമത്തേത്. ഏറ്റവും താഴത്തെ നില ട്രെയിൻ ട്രാക്കുകൾ സ്ഥിതി ചെയ്യുന്ന ഭാഗമാണ്.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 467 മീറ്റർ നീളമുള്ള ആറ് പ്രത്യേക പ്ലാറ്റ്‌ഫോമുകളാണ് ഇവിടെ നിർമ്മിക്കുന്നത്. അതോടൊപ്പം മുംബൈയിലെ മഴക്കാലത്തെ പ്രതിരോധിക്കാൻ അത്യാധുനിക മൾട്ടി-സ്റ്റേജ് ഡ്രൈനേജ് സംവിധാനങ്ങളും വെള്ളപ്പൊക്ക പ്രതിരോധ ബാരിയറുകളും വലിയ തോതിലുള്ള വെന്റിലേഷൻ, ക്ലൈമറ്റ് കൺട്രോൾ നെറ്റ്‌വർക്കുകളും ഇവിടെ സജ്ജീകരിക്കുന്നുണ്ട്. സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നതോടെ യാത്രക്കാർക്ക് പുറത്തിറങ്ങി മുംബൈ മെട്രോ ലൈനുകൾ, സിറ്റി ബസ് നെറ്റ്‌വർക്കുകൾ, പ്രധാന റോഡ് ഗതാഗതം എന്നിവയുമായി എളുപ്പത്തിൽ കണക്റ്റ് ചെയ്യാൻ സാധിക്കും.
Construction of India’s first underground bullet train station is underway at Mumbai’s BKC, featuring 6 underground levels, 32 meters depth, and 6 platforms.
