പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറിൽ കാനഡ സന്ദർശിക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാറിൽ മികച്ച പുരോഗതിയുണ്ടെന്നും ഡിസംബർ പകുതിയോടെ കരാർ അന്തിമമാക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പുതിയ വ്യാപാര കരാറിലൂടെ ഇന്ത്യ-കാനഡ സാമ്പത്തിക ഇടപാട് 4.65 ലക്ഷം കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023-ൽ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെത്തുടർന്ന് വഷളായ ഇരു രാജ്യങ്ങളുടെയും ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം. കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്ത് നയതന്ത്ര ബന്ധങ്ങൾ വഷളായിരുന്നെങ്കിലും, കഴിഞ്ഞ വർഷം അധികാരത്തിലെത്തിയ മാർക്ക് കാർണി ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള നടപടികൾക്കും മുൻകൈയെടുക്കുകയായിരുന്നു.
ഈ സന്ദർശന വേളയിൽ പുതിയ വ്യാപാര കരാറിന് പുറമെ പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളിലെ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ടെന്ന് കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്നായിക് വ്യക്തമാക്കി. കൂടാതെ, ഫെബ്രുവരിയിൽ ആരംഭിച്ച ‘ടാലന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി’യുടെ ഭാഗമായി വിദ്യാഭ്യാസ മേഖലയിലെ സഹകരണവും കൂടുതൽ ശക്തമാക്കും. ഫാർമസ്യൂട്ടിക്കൽസ്, സ്റ്റീൽ, ഇലക്ട്രോണിക്സ് സാധനങ്ങൾ തുടങ്ങിയവയാണ് ഇന്ത്യ കാനഡയിലേക്ക് പ്രധാനമായി കയറ്റി അയക്കുന്നത്.
Prime Minister Narendra Modi is scheduled to visit Canada in December to finalize a major trade deal expected to boost bilateral trade to ₹4.65 lakh crore.