എഡ്‌ടെക് സ്റ്റാർട്ടപ്പായ ക്ലാസ്റൂം (Klassroom) ജൂലൈ 31 മുതൽ എസ്‌എംഇ (SME) ഐപിഒയ്ക്ക് (IPO) തുടക്കമിടും. ഓഗസ്റ്റ് 4 വരെ നീളുന്ന ഓഹരി വിൽപ്പനയിൽ 19.89 ലക്ഷം പുതിയ ഓഹരികളും 4.66 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും (OFS) ഉൾപ്പെടും. കമ്പനിയുടെ മാതൃസ്ഥാപനമായ ഫ്യൂഷൻ ക്ലാസ്റൂം ഡാറ്റാലാബ്സ് ഓഹരിക്ക് 151 മുതൽ 159 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഉയർന്ന വില പരിധിയിൽ കമ്പനി ഏകദേശം 39 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ജൂലൈ 30ന് നടക്കും. ഓഹരികൾ ഓഗസ്റ്റ് 7ന് ബിഎസ്ഇ എസ്‌എംഇ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ.
ഈ വർഷം ഫെബ്രുവരിയിൽ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസ് (DRHP) സമർപ്പിച്ച കമ്പനിക്ക് കഴിഞ്ഞ മാസം സെബി അംഗീകാരം നൽകിയിരുന്നു. പുതിയ ഓഹരി വിൽപ്പനയിലൂടെ ലഭിക്കുന്ന തുക സാങ്കേതികവിദ്യാ നവീകരണം, വിദ്യാഭ്യാസ ഉള്ളടക്ക വികസനം, മാർക്കറ്റിങ്, ബ്രാൻഡ് ശക്തിപ്പെടുത്തൽ, ഓഫ്‌ലൈൻ കേന്ദ്രങ്ങളുടെ വികസനം, വായ്പാ തിരിച്ചടവ് എന്നിവയ്ക്കായി വിനിയോഗിക്കുമെന്ന് റെഡ് ഹെറിങ് പ്രോസ്പെക്ടസിൽ (RHP) വ്യക്തമാക്കുന്നു.
ഐപിഒയിൽ നിന്ന് ലഭിക്കുന്ന തുകയിൽ 2.35 കോടി രൂപ നിലവിലുള്ള ചില വായ്പകൾ മുൻകൂട്ടി അടയ്ക്കാനോ തിരിച്ചടയ്ക്കാനോ ഉപയോഗിക്കും. 5.35 കോടി രൂപ വിദ്യാഭ്യാസ വീഡിയോ നിർമാണം, സബ്‌ടൈറ്റിലുകൾ, ഓഡിയോ റിവ്യൂ, നൈപുണ്യ വികസന കോഴ്‌സുകൾ എന്നിവ ഉൾപ്പെടുന്ന ഉള്ളടക്ക വികസനത്തിനായി ചെലവഴിക്കും. പുതിയ ഓഫ്‌ലൈൻ പഠന കേന്ദ്രങ്ങൾക്കായി ഡെസ്‌ക്ടോപ്പുകളും ലാപ്‌ടോപ്പുകളും വാങ്ങാൻ 1.95 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. കൂടാതെ 5.21 കോടി രൂപ വിപണന പ്രവർത്തനങ്ങൾക്കും ബ്രാൻഡ് പ്രചാരണത്തിനുമായി വിനിയോഗിക്കും.
അൽക്ക ജവേരിയും മക്കളായ ധ്രുവ് ജവേരി, ധുമിൽ ജവേരി എന്നിവരും ചേർന്ന് 2016ലാണ് ക്ലാസ്റൂം സ്ഥാപിച്ചത്. കെ-12 വിദ്യാഭ്യാസം, മത്സരപരീക്ഷാ പരിശീലനം, പ്രൊഫഷണൽ അപ്‌സ്‌കില്ലിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), മെഷീൻ ലേണിങ് (ML) പഠനപരിഹാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ഹൈബ്രിഡ് പഠന പ്ലാറ്റ്ഫോമാണ് കമ്പനി നടത്തുന്നത്.
ഓൺലൈൻ പഠനത്തിനായി ഒടിടി പ്ലാറ്റ്ഫോം പ്രവർത്തിപ്പിക്കുന്ന ക്ലാസ്റൂമിന് മുംബൈയിൽ 30ലധികം ഓഫ്‌ലൈൻ പഠനകേന്ദ്രങ്ങളുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കുമായി അക്കാദമിക് പ്രോഗ്രാമുകൾ, മത്സരപരീക്ഷാ പരിശീലനം, നൈപുണ്യ വികസനം, തൊഴിൽയോഗ്യത വർധിപ്പിക്കുന്ന പദ്ധതികൾ എന്നിവയും കമ്പനി നടപ്പാക്കുന്നു. വ്യക്തിഗത സബ്സ്ക്രിപ്ഷനുകൾക്ക് പുറമെ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും ഒടിടി സേവനങ്ങൾ, വിദ്യാഭ്യാസ ഉള്ളടക്ക വികസനം, ഓഫ്‌ലൈൻ പരിശീലനം, എഐ-എംഎൽ ലാബുകൾ സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളും നൽകുന്നുണ്ട്.
Edtech startup Fusion Klassroom Datalabs (Klassroom) is set to launch its ₹39-crore SME IPO on July 31. Check price band, issue size, and key details here.
