മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് ഉയർത്താനുള്ള നീക്കത്തെ ശക്തമായി എതിർത്ത് കേരളം. ഒരു കാരണവശാലും ജലനിരപ്പ് 142 അടിക്ക് മുകളിലേക്ക് ഉയർത്താൻ അനുവദിക്കില്ലെന്ന് ജലവിഭവ മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. തമിഴ്‌നാട് നീക്കത്തിനെതിരെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആവശ്യമെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും കേരളം അറിയിച്ചു.

തമിഴ്‌നാട് ബജറ്റ് പ്രസംഗത്തിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരളത്തിന്റെ ശക്തമായ പ്രതികരണം.അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നൽകിയ പ്രധാന നിർദ്ദേശങ്ങളോ പരിശോധനകളോ തമിഴ്‌നാട് ഇതുവരെ പാലിച്ചിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി (NDSA) വഴി അണക്കെട്ടിൽ സമഗ്രമായ സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 31-ന് മുൻപ് നടക്കേണ്ടിയിരുന്ന ഈ പരിശോധനയോ അടിസ്ഥാന സുരക്ഷാ ഓഡിറ്റോ ഇതുവരെ നടത്തിയിട്ടില്ല. ബേബി ഡാം ബലപ്പെടുത്തുന്നതിനായി സുപ്രീം കോടതി നൽകിയ നിർദ്ദേശങ്ങളും തമിഴ്‌നാട് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുക എന്നത് മാത്രമാണ് ഈ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരമെന്ന് കേരളം ആവർത്തിച്ചു. തമിഴ്‌നാടിന് ആവശ്യമായ വെള്ളം ഉറപ്പാക്കുന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന രീതിയിലായിരിക്കണം പരിഹാരം കാണേണ്ടത്.

സുപ്രീം കോടതി നിർദ്ദേശപ്രകാരമുള്ള സുരക്ഷാ പരിശോധനകളും ബലപ്പെടുത്തൽ നടപടികളും പൂർത്തിയാക്കാത്ത സാഹചര്യത്തിൽ തമിഴ്‌നാട് ഇത്തരമൊരു പ്രഖ്യാപനം നടത്തിയത് അത്യന്തം നിർഭാഗ്യകരമാണെന്ന് മോൻസ് ജോസഫ് കൂട്ടിച്ചേർത്തു. സുപ്രീം കോടതിയിലും കേന്ദ്ര സർക്കാരിനു മുന്നിലും കേരളത്തിന്റെ താല്പര്യങ്ങൾ ശക്തമായി സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണവേളയിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് തമിഴ്‌നാട് പ്രഖ്യാപിച്ചത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, കോടതി നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്നായിരുന്നു തമിഴ്‌നാടിന്റെ അറിയിപ്പ്. കൂടാതെ, തമിഴ്‌നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുമെന്നും അന്തർസംസ്ഥാന നദീജല പങ്കുവെയ്ക്കലിൽ സംസ്ഥാന താത്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

Kerala has opposed any move to raise the water level in the Mullaperiyar Dam beyond 142 feet. The Kerala government announced that it will take all necessary legal steps against Tamil Nadu’s move and will approach the Supreme Court if required. Kerala’s strong response comes in the wake of Tamil Nadu’s announcement during its budget speech that it would attempt to raise the Mullaperiyar water level.

Share.
Leave A Reply

Exit mobile version