ടെക്സ്റ്റൈൽ മെഷിനറി നിർമ്മാണത്തിൽ പ്രശസ്തമായ ലക്ഷ്മി മെഷീൻ വർക്ക്സ് (LMW) രാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒ റോക്കറ്റുകൾക്ക് കരുത്തുപകരുന്ന നിർണായക പങ്കാളിയായി മാറുന്നു. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനി തുണിത്തരങ്ങൾ നെയ്യുന്ന യന്ത്രങ്ങൾ മാത്രമല്ല, ഐ.എസ്.ആർ.ഒയുടെ കരുത്തുറ്റ റോക്കറ്റുകൾക്ക് ആവശ്യമായ കാർബൺ-ഫൈബർ കോമ്പോസിറ്റ് ഘടനകളും പേലോഡ് ഫെയറിംഗുകളും ആണ് നിർമ്മിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റായ LVM3-യുടെ 10.75 മീറ്റർ ഉയരമുള്ള നോസ് കോൺ ഉൾപ്പെടെയുള്ള ഭാഗങ്ങൾ നിർമ്മിക്കുന്നത് LMWന്റെ അഡ്വാൻസ്ഡ് ടെക്നോളജി സെന്ററിലാണ്.

ശബ്ദാതീത വേഗതയിൽ അന്തരീക്ഷത്തിലൂടെ കുതിച്ചുപായുമ്പോൾ ഉപഗ്രഹങ്ങളെ കൊടും ചൂടിൽ നിന്നും പ്രകമ്പനങ്ങളിൽ നിന്നും സംരക്ഷിക്കുന്നത് ഈ കവചമാണ്. അന്തരീക്ഷം പിന്നിട്ട ശേഷം ഈ ഭാഗം കൃത്യമായി വേർപെട്ടുമാറുന്നു. അത്യാധുനിക കമ്പ്യൂട്ടർ നിയന്ത്രിത ഓട്ടോക്ലേവ് സംവിധാനങ്ങൾ ഉപയോഗിച്ച് 250 ഡിഗ്രി വരെ താപനിലയിൽ നിർമ്മിക്കുന്ന ഈ ഭാഗങ്ങൾ റോക്കറ്റുകളുടെ സുരക്ഷിതത്വത്തിന് അത്യന്താപേക്ഷിതമാണ്. തുണിത്തര നിർമ്മാണത്തിൽ മുൻനിരയിലുള്ള ഈ കമ്പനി, ബഹിരാകാശ സാങ്കേതികവിദ്യയിലും ഇന്ത്യയുടെ കരുത്തായി മാറുന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
Coimbatore-based Lakshmi Machine Works (LMW) manufactures crucial carbon-fiber payload fairings and nose cones for ISRO’s heavy-lift LVM3 rockets
