ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കുമെതിരെയുള്ള ക്രിമിനൽ കേസ് യു.എസ് കോടതി തള്ളി. അഴിമതിയും കോഴയും ആരോപിച്ചുള്ള ഏകദേശം രണ്ടു വർഷത്തോളം നീണ്ട നടപടികളാണ് ന്യൂയോർക്കിലെ കോടതിയുടെ ഈ ഉത്തരവോടെ അവസാനിച്ചത്. ഗൗതം അദാനി, സാഗർ അദാനി, അദാനി ഗ്രീൻ മുൻ സി.ഇ.ഒ വിനീത് ജെയിൻ എന്നിവർക്കെതിരെയുള്ള കുറ്റപത്രമാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന്റെ അപേക്ഷയെ തുടർന്ന് ബ്രൂക്ലിൻ ഫെഡറൽ ജഡ്ജി നിക്കോളാസ് ഗാരൗഫിസ് തള്ളിയത്. സെക്യൂരിറ്റീസ് ഫ്രോഡ് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ഒഴിവാക്കപ്പെട്ടത്.

കേസ് പിൻവലിക്കാനുള്ള കാരണങ്ങളെക്കുറിച്ച് പ്രോസിക്യൂട്ടർമാരിൽ നിന്ന് കോടതി വിശദീകരണം തേടിയ ശേഷമാണ് നടപടി. ഭാവിയിൽ സമാനമായ കുറ്റങ്ങൾ വീണ്ടും ചുമത്താൻ കഴിയാത്ത വിധം കേസ് പൂർണ്ണമായും ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്ക് മുൻപ് തന്നെ കേസ് അവസാനിച്ചതിനാൽ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരനാണോയെന്ന് കോടതി കണ്ടെത്തിയിട്ടില്ല. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിചാരണ മുന്നോട്ട് കൊണ്ടുപോകാൻ തക്ക തെളിവുകളില്ലെന്നും ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിരുന്നു.

യു.എസ് കോടതിയുടെ ഈ തീരുമാനത്തെ ഗൗതം അദാനി സ്വാഗതം ചെയ്തു. നിയമവ്യവസ്ഥയിലുള്ള വിശ്വാസം ഈ പ്രതിസന്ധി ഘട്ടത്തിലും ഉറച്ചുനിന്നതായി അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. 2024 നവംബറിലായിരുന്നു സൗരോർജ്ജ കരാറുകൾക്കായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കോഴ നൽകിയെന്നാരോപിച്ച് യു.എസ് പ്രോസിക്യൂട്ടർമാർ കേസ് ഫയൽ ചെയ്തത്. അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങൾ തുടക്കം മുതലേ ശക്തമായി നിഷേധിച്ചിരുന്നു. ഇതിനിടെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (SEC) സിവിൽ കേസിൽ 6 മില്യൺ ഡോളർ പിഴയൊടുക്കാൻ അദാനി സമ്മതിക്കുകയും ചെയ്തിരുന്നു

A US Federal Court has permanently dismissed the criminal case against Gautam Adani and Sagar Adani following a request from the US Department of Justice

Share.
Leave A Reply

Exit mobile version