കേരളത്തിലൂടെ കടന്നുപോകുന്ന 645 കിലോമീറ്റർ ദേശീയപാത 66-ന്റെ നിർമ്മാണം 2028 മെയ് മാസത്തോടെ പൂർത്തിയാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയെ അറിയിച്ചു. കർണാടക അതിർത്തിയിലെ തലപ്പാടി മുതൽ തമിഴ്നാട് അതിർത്തിയിലെ കാരോട് വരെയുള്ള ആറുവരി പാതയുടെ പ്രധാന റോഡ് ജോലികൾ 2027 ഏപ്രിൽ 30-ഓടെ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും, എലിവേറ്റഡ് ഹൈവേകളുടെ പണി പൂർത്തിയാകാൻ ഒരു വർഷം കൂടി വേണ്ടിവരും. ഇതിനോടകം തന്നെ ചില പ്രധാന ഭാഗങ്ങളുടെ ഉദ്ഘാടനം നടന്നിട്ടുണ്ടെന്നും, മറ്റ് ഏഴ് സെഗ്മെന്റുകളിലെ നിർമ്മാണ ജോലികൾ 85 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, സംസ്ഥാനത്ത് ക്വാറി കല്ലുകളുടെയും മണ്ണിന്റെയും ലഭ്യതയിലുള്ള കുറവും, തമിഴ്നാട് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളും നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. കൂടാതെ, മൺസൂൺ മഴയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ അതിഥി തൊഴിലാളികൾ തിരികെ എത്താതിരുന്നതും പണികൾ വൈകാൻ കാരണമായതായി നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അറിയിച്ചു.
Union Minister Nitin Gadkari tells Lok Sabha that the 6-laning of NH-66 in Kerala from Thalapady to Karode will be fully completed by May 2028
