കേരളത്തിന്റെ സമുദ്രവ്യാപാര രംഗത്ത് പുതിയ അധ്യായം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർണതോതിലുള്ള കയറ്റുമതി–ഇറക്കുമതി (EXIM) പ്രവർത്തനങ്ങളിലേക്ക് കടക്കുന്നു. കേരളത്തിൽ നിന്നുള്ള ഉത്പന്നങ്ങളുമായി വിഴിഞ്ഞം വഴി പുറപ്പെടുന്ന ആദ്യ കയറ്റുമതി കണ്ടെയ്‌നറിന്റെ ലക്ഷ്യസ്ഥാനം സ്പെയിനിലെ വലൻസിയയാണ്. ഇതോടെ ട്രാൻസ്ഷിപ്മെന്റ് കേന്ദ്രം എന്നതിനപ്പുറം കേരളത്തിന്റെ നേരിട്ടുള്ള അന്താരാഷ്ട്ര ചരക്കുനീക്ക കവാടമായും വിഴിഞ്ഞം മാറും.

തിരുവനന്തപുരം കിൻഫ്രയിലും ശാസ്തമംഗലത്തുമായി പ്രവർത്തിക്കുന്ന നിലമേൽ എക്സ്പോർട്സ് (Nialamel) കമ്പനിയുടെ ഡ്രൈ കണ്ടെയ്‌നറാണ് ആദ്യമായി കയറ്റുമതി ചെയ്യുന്നത്. ചിപ്സ്, മിക്സ്ചർ, കപ്പ ചിപ്സ്, പുട്ടുപൊടി, ചക്ക ചിപ്സ്, മറയൂർ ശർക്കര തുടങ്ങിയ കേരളത്തിന്റെ തനത് ഭക്ഷ്യ ഉത്പന്നങ്ങളാണ് കണ്ടെയ്‌നറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 18-ന് ആദ്യ കയറ്റുമതി കണ്ടെയ്‌നർ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് വിഴിഞ്ഞത്ത് പൂർണ EXIM പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. ആദ്യ കണ്ടെയ്‌നർ MSC MARIE LESLIE എന്ന കപ്പലിലാണ് ലോഡ് ചെയ്യുക. തുറമുഖം വഴി നേരിട്ട് വിദേശത്തേക്ക് ചരക്ക് അയയ്ക്കാൻ കഴിയുന്നത് കേരളത്തിലെ കയറ്റുമതിക്കാർക്ക് വലിയ സാധ്യതകൾ തുറക്കും

വിഴിഞ്ഞത്തിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് ചരക്ക് ഗതാഗത സമയത്തിലെ ഗണ്യമായ കുറവാണ്. റിപ്പോർട്ട് പ്രകാരം വിഴിഞ്ഞത്തുനിന്ന് സ്പെയിനിലെത്താൻ ഏകദേശം 28 ദിവസം മതിയാകും. കൊച്ചി, തൂത്തുക്കുടി എന്നിവിടങ്ങളിൽ നിന്ന് കൊളംബോ, ദുബായ് തുടങ്ങിയ ട്രാൻസ്ഷിപ്മെന്റ് കേന്ദ്രങ്ങൾ വഴി ചരക്ക് അയയ്ക്കുമ്പോൾ ഇതേ യാത്രയ്ക്ക് ഏകദേശം 60 ദിവസംവരെ വേണ്ടിവന്നിരുന്നു.

വിഴിഞ്ഞത്ത് കണ്ടെയ്‌നറുകൾ നേരിട്ട് മദർഷിപ്പുകളിൽ കയറ്റാൻ കഴിയുന്നതാണ് ഈ മാറ്റത്തിന് നിർണായകമാകുന്നത്. ഇടനില തുറമുഖങ്ങളിലെ ട്രാൻസ്ഷിപ്മെന്റ് ഒഴിവാക്കി കപ്പലുകൾക്ക് യൂറോപ്യൻ വിപണികളിലേക്ക് നേരിട്ട് സഞ്ചരിക്കാൻ കഴിയുന്നത് സമയവും ലോജിസ്റ്റിക് സങ്കീർണതകളും കുറയ്ക്കാൻ സഹായിക്കും.  കേരളത്തിന്റെ പരമ്പരാഗത ഭക്ഷണത്തിനുള്ള വിദേശ വിപണിയും വിഴിഞ്ഞത്തിന് വലിയ അവസരമാണ്.

വിഴിഞ്ഞം കേന്ദ്രീകരിച്ച് കയറ്റുമതിക്കായി MSC രണ്ട് പ്രധാന സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. Himalaya Express വഴി പോർച്ചുഗൽ, സ്പെയിനിലെ വലൻസിയയും ബാഴ്സലോണയും, ഇറ്റലി തുടങ്ങിയ യൂറോപ്യൻ കേന്ദ്രങ്ങളിലേക്ക് ചരക്കുനീക്കം സാധ്യമാകും. India–Africa Service വഴി പശ്ചിമ ആഫ്രിക്കൻ വിപണികളിലേക്കും വിഴിഞ്ഞം ബന്ധിപ്പിക്കപ്പെടും.

അന്താരാഷ്ട്ര കപ്പൽപ്പാതയോട് വളരെ അടുത്തുള്ള വിഴിഞ്ഞത്തിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഈ വളർച്ചയ്ക്ക് നിർണായകമാണ്. വലിയ മദർഷിപ്പുകൾക്ക് അടുക്കാൻ കഴിയുന്ന ആഴമുള്ള തുറമുഖം എന്ന പ്രത്യേകതയും വിഴിഞ്ഞത്തിന് അന്താരാഷ്ട്ര ചരക്കുനീക്കത്തിൽ മത്സരാധിഷ്ഠിതമായ മുൻതൂക്കം നൽകുന്നു.

കേരളത്തിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കേരളത്തിലെ തന്നെ തുറമുഖത്തുനിന്ന് നേരിട്ട് യൂറോപ്യൻ വിപണികളിലേക്ക് എത്തുന്ന പുതിയ വ്യാപാരപാതയാണ് ഇതോടെ തുറക്കുന്നത്. വിഴിഞ്ഞം ട്രാൻസ്ഷിപ്മെന്റ് ഹബ് എന്ന നിലയിൽ മാത്രമല്ല, കേരളത്തിലെ കയറ്റുമതിക്കാർക്കും ഭക്ഷ്യസംസ്കരണ കമ്പനികൾക്കും MSMEകൾക്കും കാർഷിക ഉത്പാദകർക്കും ആഗോള വിപണിയിലേക്കുള്ള പ്രധാന ലോജിസ്റ്റിക് കവാടമായി മാറുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിത്.

Full-scale export operations will commence at Vizhinjam Port. The first export container carrying products from Kerala through Vizhinjam is destined for Valencia, Spain.The first container will be loaded onto the MSC MARIE LESLIE.The ability to export goods directly to international destinations through Vizhinjam will open up significant new opportunities for exporters in Kerala.

Share.
Leave A Reply

Exit mobile version