അമേരിക്ക ആസ്ഥാനമായുള്ള എൽവെ മൊബൈലിൽ (Lunar Holdco) 20 ദശലക്ഷം ഡോളർ നിക്ഷേപിച്ച് ടാറ്റ ഗ്രൂപ്പിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സേവനദാതാവായ നെൽക്കോ പുതിയ പങ്കാളിത്തത്തിന് തുടക്കമിട്ടു. അടുത്ത തലമുറയിലുള്ള ഡയറക്ട്-ടു-ഡിവൈസ് (D2D), ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) സാറ്റലൈറ്റ് കണക്റ്റിവിറ്റി സാങ്കേതികവിദ്യകൾ ഇന്ത്യയിലേക്കും ദക്ഷിണേഷ്യൻ വിപണികളിലേക്കും എത്തിക്കുകയാണ് ഈ നിക്ഷേപത്തിന്റെ പ്രധാന ലക്ഷ്യം.
ഡെലവെയർ ആസ്ഥാനമായുള്ള ലൂണാർ ഹോൾഡ്‌കോയുടെ നിർബന്ധിത കൺവേർട്ടബിൾ ഡിബഞ്ചറുകൾ (CCDs) വഴിയാണ് നെൽക്കോ ഈ നിക്ഷേപം യാഥാർത്ഥ്യമാക്കുന്നത്. ആഗോള സാറ്റ്‌കോം വിപണിയിലെ അടുത്ത വളർച്ചാ തരംഗമാണ് ഡിഡിഎവെന്നും, എൽവെയുടെ വിപുലമായ ശൃംഖല ഇന്ത്യയിലും ദക്ഷിണേഷ്യയിലും പുതിയ വിപണി അവസരങ്ങൾ തുറക്കുമെന്നും നെൽക്കോ എം.ഡി ആൻഡ് സി.ഇ.ഒ പി.ജെ. നാഥ് വ്യക്തമാക്കി.
ഓട്ടോമോട്ടീവ്, സമുദ്രം, ഊർജം, സർക്കാർ മേഖലകൾ എന്നിവയുൾപ്പെടെയുള്ള വിവിധ മേഖലകളിൽ എൽവെയുടെ ഉപഗ്രഹങ്ങളിൽ നിന്നുള്ള കണക്റ്റിവിറ്റി സേവനങ്ങൾ ലഭ്യമാക്കാൻ ഈ കൂട്ടായ്മ സഹായിക്കും. വാഹന നിരീക്ഷണം, ദുരന്ത നിവാരണം തുടങ്ങിയ എന്റർപ്രൈസ് ലെവൽ സേവനങ്ങളിലെ കവറേജ് കുറവുകൾ പരിഹരിക്കാനും ഈ നൂതന സാങ്കേതികവിദ്യ ഉപകരിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
Tata Group’s satcom provider Nelco invests $20 million in US-based Elve Mobile (Lunar Holdco) to bring D2D and IoT satellite connectivity to India and South Asia
