മധ്യപ്രദേശ് കേഡറിലെ 1989 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അനുരാഗ് ജെയിൻ നിതി ആയോഗിന്റെ സി.ഇ.ഒ (CEO) ആയി ഔദ്യോഗികമായി ചുമതലയേറ്റിരിക്കുകയാണ്. രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെയോ ആണ് അദ്ദേഹത്തിന്റെ നിയമനം. ബി.വി.ആർ സുബ്രഹ്മണ്യത്തിന്റെ കാലാവധി അവസാനിച്ച ശേഷം നിതി ആയോഗ് ഡെവലപ്‌മെന്റ് മോണിറ്ററിംഗ് ആൻഡ് ഇവാലുവേഷൻ ഓഫീസ് (DMEO) ഡയറക്ടർ ജനറൽ നിധി ഛിബ്ബർ ആയിരുന്നു അധിക ചുമതല വഹിച്ചിരുന്നത്.

ഐ.ഐ.ടി ഖരഗ്പൂരിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും അമേരിക്കയിലെ മാക്‌സ്‌വെൽ സ്‌കൂളിൽ നിന്ന് മാസ്റ്റേഴ്‌സ് ബിരുദവും കരസ്ഥമാക്കിയ അനുരാഗ് ജെയിൻ മികച്ച അക്കാദമിക് പാരമ്പര്യമുള്ള ഉദ്യോഗസ്ഥനാണ്. മധ്യപ്രദേശ് സർക്കാരിലും കേന്ദ്ര സർക്കാരിലും നിർണായക പദവികൾ വഹിച്ച പരിചയസമ്പത്തുമായാണ് അനുരാഗ് ജെയിൻ പുതിയ പദവിയിൽ എത്തുന്നത്.
പ്രധാൻ മന്ത്രി ജൻ ധൻ യോജന നടപ്പിലാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച അദ്ദേഹം, പ്രധാനമന്ത്രിയുടെ ഓഫീസിലും (PMO) വിവിധ മന്ത്രാലയങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മധ്യപ്രദേശ് ചീഫ് സെക്രട്ടറിയായിരുന്ന കാലയളവിൽ വ്യാപാര-വ്യവസായ മേഖലകളിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി 30-ഓളം നയങ്ങൾ രൂപീകരിക്കുന്നതിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ദില്ലി വികസന അതോറിറ്റി (DDA) വൈസ് ചെയർമാൻ, ഡി.പി.ഐ.ഐ.ടി (DPIIT) സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
Former Madhya Pradesh Chief Secretary Anurag Jain, a 1989-batch IAS officer, takes charge as the new Chief Executive Officer of NITI Aayog for a two-year tenure