യുപി-ജപ്പാൻ നിക്ഷേപ സംഗമത്തിന്റെ ഭാഗമായി നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 500 ഏക്കർ വിസ്തൃതിയിൽ പ്രത്യേക ‘ജപ്പാൻ സിറ്റി’ (Japan City) നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ പദ്ധതിയിടുകയാണ്. യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി (YEIDA) മേഖലയിലാണ് ജാപ്പനീസ് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമായി സംയോജിത വ്യവസായ ക്ലസ്റ്റർ ഒരുക്കുന്നത്.

ഇതിന്റെ ഭാഗമായി എസ്‌കോർട്സ് കുബോട്ട (Escorts Kubota), മിൻഡ കോർപ്പറേഷൻ (Minda Corporation) എന്നീ കമ്പനികളുടെ നേതൃത്വത്തിലുള്ള 3,191 കോടി രൂപയുടെ പുതിയ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർവഹിച്ചു. എസ്‌കോർട്സ് കുബോട്ടയുടെ 2,025 കോടി രൂപയുടെ പദ്ധതിയും മിൻഡ കോർപ്പറേഷന്റെ 1,166 കോടി രൂപയുടെ രണ്ട് പദ്ധതികളും ഉൾപ്പെടുന്ന ഇവയിലൂടെ പതിനായിരത്തിലധികം പുതിയ തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ജപ്പാന്റെ അത്യാധുനിക നിർമ്മാണ രീതികളും ഓട്ടോമേഷനും യു.പിയുടെ യുവശക്തിയുമായി സംയോജിപ്പിച്ച് സംസ്ഥാനത്തെ ഇലക്ട്രോണിക്സ്, സെമികണ്ടക്ടർ, ഓട്ടോമൊബൈൽ നിർമ്മാണ രംഗങ്ങളുടെ ആസ്ഥാനമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനകം തന്നെ ഡെൻസോ, നഗാസെ തുടങ്ങിയ പ്രമുഖ ജപ്പാനീസ് കമ്പനികൾ പ്രവർത്തിക്കുന്ന യു.പിയിൽ, ഈ പുതിയ ‘ജപ്പാൻ സിറ്റി’ പദ്ധതി വരുന്നതോടെ കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
Uttar Pradesh proposes a 500-acre Japan City near Noida International Airport, securing ₹3,191 crore in investments from Escorts Kubota and Minda Corp