ഇന്ത്യൻ വിദ്യാർഥികൾക്കായി ഉന്നത വിദ്യാഭ്യാസത്തിന്റെ വാതിലുകൾ കൂടുതൽ തുറന്ന് ഫ്രാൻസ്. 2030ഓടെ 30,000 ഇന്ത്യൻ വിദ്യാർഥികളെ ഫ്രാൻസിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ വിദ്യാഭ്യാസ സാന്നിധ്യം ശക്തമാക്കുകയാണ് രാജ്യം. ഇതിന്റെ ഭാഗമായി 50-ലധികം പ്രമുഖ ഫ്രഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് ഇന്ത്യയിലെ നാല് നഗരങ്ങളിൽ Choose France Tour സംഘടിപ്പിക്കും.
ഫ്രാൻസിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം സമീപകാലത്ത് ഗണ്യമായി വർധിച്ച സാഹചര്യത്തിലാണ് പുതിയ നീക്കം. 2024-25ൽ ഫ്രാൻസിലെ ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം 9,100 ആയി ഉയർന്നു. ഇതോടെ ഫ്രാൻസിലേക്ക് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വിദ്യാർഥികളെ അയയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 13-ാം സ്ഥാനത്തുനിന്ന് 11-ാം സ്ഥാനത്തേക്ക് ഉയർന്നു. വിസ, റെസിഡൻസ് പെർമിറ്റ് കണക്കുകളിൽ എക്സ്ചേഞ്ച്, ഹ്രസ്വകാല പ്രോഗ്രാമുകളിലെ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തിയാൽ 2025ൽ ഫ്രാൻസിലുള്ള ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം ഏകദേശം 12,000 ആണ്.

നാല് ഇന്ത്യൻ നഗരങ്ങളിൽ Choose France Tour
ഫ്രഞ്ച് സർക്കാരിന്റെ ഔദ്യോഗിക ഉന്നത വിദ്യാഭ്യാസ ഏജൻസിയായ Campus France സംഘടിപ്പിക്കുന്ന Choose France Tour ഒക്ടോബറിൽ നാല് പ്രധാന ഇന്ത്യൻ നഗരങ്ങളിലെത്തും. ഒക്ടോബർ 11 – മുംബൈയിലും, ഒക്ടോബർ 13ന് – പൂനെ, ഒക്ടോബർ 15 – ന്യൂഡൽഹി,ഒക്ടോബർ 17 – ബെംഗളൂരു എന്നിവടങ്ങളിലാണ് ഫ്രാൻസ് ടൂർ സംഘടിപ്പിക്കുന്നത്.
50-ലധികം ഫ്രഞ്ച് സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ടൂറിന്റെ ഭാഗമാകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും കോഴ്സുകൾ, സ്കോളർഷിപ്പുകൾ, വിസ നടപടികൾ, താമസം, ഫ്രാൻസിലെ വിദ്യാർഥി ജീവിതം തുടങ്ങിയ കാര്യങ്ങളിൽ Campus France India നേരിട്ട് മാർഗനിർദേശം നൽകും.
ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കാൻ ഫ്രാൻസ് പ്രധാനമായും ഭാവിയിലെ തൊഴിൽ മേഖലകളുമായി ബന്ധപ്പെട്ട കോഴ്സുകളാണ് മുന്നോട്ടുവയ്ക്കുന്നത്.Artificial Intelligence, Engineering, Aerospace, Innovation, Technology, Management തുടങ്ങിയ മേഖലകളിലെ ഉന്നത വിദ്യാഭ്യാസത്തിനാണ് പ്രത്യേക പ്രാധാന്യം.CentraleSupélec, Mines Paris-PSL, IMT Atlantique തുടങ്ങിയ പ്രമുഖ എൻജിനീയറിങ്-ടെക്നോളജി സ്ഥാപനങ്ങളും ESSEC, ESCP, EDHEC തുടങ്ങിയ ബിസിനസ് സ്കൂളുകളും Université Paris-Saclay, Université Grenoble Alpes തുടങ്ങിയ പ്രമുഖ സർവകലാശാലകളും Choose France Tour-ൽ പങ്കെടുക്കുന്നുണ്ട്.
ഫ്രാൻസിലെ ഇത്തരം കോഴ്സുകൾ വിദ്യാർഥികൾക്ക് ഫ്രാൻസിൽ മാത്രമല്ല, അന്താരാഷ്ട്ര തൊഴിൽ വിപണിയിലും മികച്ച കരിയർ സാധ്യതകൾ നൽകുന്നതാണെന്ന് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ Thierry Mathou ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസത്തിനപ്പുറം ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സാങ്കേതിക-നവീകരണ സഹകരണവും ശക്തമാവുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും ഇന്നവേശൻ ഇക്കോസിസ്റ്റവുമായി ബന്ധപ്പെട്ട 19 കരാറുകളിൽ ഒപ്പുവച്ചിരുന്നു.
ഇതിനൊപ്പം ഇന്ത്യ-ഫ്രാൻസ് ഇന്നവേഷൻ റോഡ്മാപ്പ് 2030 അംഗീകരിക്കുകയും ഇന്ത്യ ഫ്രാൻസ് സംയുക്ത AI Working Group രൂപീകരിക്കുകയും ചെയ്തു. ഇന്ത്യൻ വിദ്യാർഥികളുടെ രാജ്യാന്തര പഠന അവസരങ്ങളും ഇരുരാജ്യങ്ങളിലെയും സർവകലാശാലകൾ തമ്മിലുള്ള സഹകരണവും ഈ പങ്കാളിത്തത്തിലെ പ്രധാന മേഖലകളാണ്. ഫ്രഞ്ച് സർവകലാശാലകളെ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിട്ടുണ്ട്.
2030ഓടെ 30,000 ഇന്ത്യൻ വിദ്യാർഥികൾ എന്നത് വെറുമൊരു സംഖ്യയല്ലെന്നാണ് ഫ്രഞ്ച് അംബാസഡറുടെ നിലപാട്. ഭാവിയിലെ എൻജിനീയർമാർ, ഗവേഷകർ, സംരംഭകർ എന്നിവരെ വളർത്തിയെടുക്കുകയും അതുവഴി ഇന്ത്യ-ഫ്രാൻസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദേശ പഠനത്തിന് അമേരിക്ക, കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ പരമ്പരാഗത ലക്ഷ്യസ്ഥാനങ്ങൾക്കപ്പുറം പുതിയ സാധ്യതകൾ അന്വേഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഫ്രാൻസ് കൂടുതൽ സജീവമായി വാതിലുകൾ തുറക്കുന്നതിന്റെ സൂചനയാണ് പുതിയ നീക്കം.
2030ഓടെ 30,000 ഇന്ത്യൻ വിദ്യാർഥികൾ എന്ന ലക്ഷ്യം കൈവരിക്കാനായാൽ, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധത്തിൽ വിദ്യാഭ്യാസവും ഗവേഷണവും AI-യും ഇന്നവേഷനും കൂടുതൽ നിർണായകമായ പാലമായി മാറും.
France is strengthening its educational presence in India with the goal of attracting 30,000 Indian students by 2030. As part of this initiative, France will organise a tour across four Indian cities, featuring more than 50 leading French educational institutions. To attract Indian students, France is primarily promoting courses aligned with future-focused career opportunities and emerging sectors. Prime Minister Narendra Modi has also invited French universities to establish campuses in India.
