നടപ്പ് വർഷത്തിന്റെ ആദ്യ പകുതിയിൽ നെസ്ലെയുടെ ഏറ്റവും മികച്ച വളർച്ച നേടിയ വിപണിയായി ഇന്ത്യ മാറിയെന്നും, വരും വർഷങ്ങളിൽ കമ്പനിയുടെ ആഗോളതലത്തിലെ മുൻനിര അഞ്ച് വിപണികളിലൊന്നായി ഇന്ത്യ മാറാൻ സാധ്യതയുണ്ടെന്നും സ്വിസ് പാക്കേജ്ഡ് ഫുഡ് ഭീമനായ നെസ്ലെയുടെ ഗ്ലോബൽ സി.ഇ.ഒ ഫിലിപ്പ് നവ്രാതിൽ വ്യക്തമാക്കി. ഇന്ത്യ സന്ദർശിക്കവേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ നിർമ്മാണ ശേഷി, ഗവേഷണം, വികസനം, പ്രതിഭകൾ എന്നിവയിൽ വലിയ നിക്ഷേപം നടത്താൻ കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാഗി, കിറ്റ്കാറ്റ്, നെസ്കഫെ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളിലൂടെ വിപണിയിൽ സാന്നിധ്യമുള്ള നെസ്ലെ, ഇന്ത്യയിൽ ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ 90 ശതമാനവും പ്രാദേശികമായി തന്നെയാണ് ശേഖരിക്കുന്നത്.
രാജ്യത്തെ പാക്കേജ്ഡ് ഫുഡ് മേഖലയിലെ കർശനമായ നിയന്ത്രണങ്ങളെയും ഭക്ഷ്യ ലേബലിംഗിലെ സുതാര്യതയെയും കമ്പനി സ്വാഗതം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് ആരോഗ്യകരവും കൃത്യവുമായ വിവരങ്ങൾ നൽകി മികച്ച തിരഞ്ഞെടുപ്പുകൾ നടത്താൻ ഇത് സഹായിക്കുമെന്നും നവ്രാതിൽ പറഞ്ഞു. കലോറിയേക്കാൾ പോഷകാഹാരത്തിന് മുൻഗണന നൽകുന്ന സമീപനമാണ് കമ്പനിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Nestle Global CEO Philipp Navratil highlights strong H1 performance in India, announcing major investments in local manufacturing, R&D, and supply chains.
