കേരളത്തിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചകൾ മാത്രം സമ്മാനിക്കുന്നതിന് പകരം കേരളീയ ജീവിതത്തിന്റെ ഭാഗമാകാനുള്ള അവസരമൊരുക്കി ടൂറിസം വകുപ്പ്. ‘ബീ എ മലയാളി ഫോർ എ ഡേ’ എന്ന പേരിൽ ആരംഭിച്ച പുതിയ അനുഭവാധിഷ്ഠിത ടൂറിസം പദ്ധതിയിലൂടെയാണ് സന്ദർശകർക്ക് ഒരു ദിവസം മലയാളിയുടെ ജീവിതരീതിയും സംസ്കാരവും അടുത്തറിഞ്ഞ് അനുഭവിക്കാനാകുക. കേരളം കണ്ടുമടങ്ങാനുള്ളതല്ല, മറിച്ച് അനുഭവിച്ചറിയാനുള്ളതാണെന്ന സന്ദേശമാണ് ഈ പദ്ധതിയിലൂടെ നൽകുന്നതെന്ന് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് വ്യക്തമാക്കി.

കേരളത്തിന്റെ പ്രകൃതിഭംഗിയും കായലുകളും കടൽത്തീരങ്ങളും മലനിരകളും കാണുന്നതിനപ്പുറം ജനജീവിതവും സംസ്കാരവും നേരിട്ട് അനുഭവിക്കാനുമുള്ള അവസരമാണ് പദ്ധതിയിലൂടെ സഞ്ചാരികൾക്ക് ലഭിക്കുക. വിനോദസഞ്ചാരികൾ വെറും കാഴ്ചക്കാരായി നിൽക്കാതെ പ്രാദേശിക ജനങ്ങളുമായി ഇടപഴകുകയും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും ചെയ്യും. കേരളത്തിന്റെ തനതായ സംസ്കാരത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും പ്രാദേശിക സമൂഹങ്ങളുമായി നേരിട്ട് ബന്ധപ്പെടാനും ഇതിലൂടെ അവസരമൊരുങ്ങും.
പരമ്പരാഗത കലാരൂപങ്ങളെയും പ്രാദേശിക സംസ്കാരത്തെയും കൂടുതൽ സജീവമായി ടൂറിസത്തിന്റെ ഭാഗമാക്കുന്നതും പദ്ധതിയുടെ മറ്റൊരു പ്രധാന ലക്ഷ്യമാണ്. വിവിധ പ്രദേശങ്ങളിലെ കലാകാരന്മാരുമായി നേരിട്ട് സംവദിക്കാനും അവരുടെ കലാരൂപങ്ങളെക്കുറിച്ച് പഠിക്കാനും സഞ്ചാരികൾക്ക് അവസരം നൽകും. കേരളത്തിന്റെ തനത് കലകളും പാരമ്പര്യങ്ങളും രേഖപ്പെടുത്തുകയും അവ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയും ചെയ്യുന്നതിലൂടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
Kerala Tourism presents ‘Be a Malayali for a Day’, an immersive campaign offering travelers a authentic, hands-on experience of local culture and lifestyle
