നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലകൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിനായി അത്യാധുനിക റോബോട്ടിക് -ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത മലയാളി മിടുക്കികൾ ദേശീയതലത്തിൽ ശ്രദ്ധേയരാകുന്നു. ഹൈദരാബാദിൽ നടന്ന വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് (WRO) ഇന്ത്യ നാഷണൽസിൽ ഫ്യൂച്ചർ ഇന്നൊവേറ്റേഴ്സ് സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിലുള്ള കാത്‌ലിൻ മേരി ജീസനും നവിക ഡി. നായരും ഡിസംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ‘യു.ഡബ്ല്യു.ആർ സിനർജി’ എന്ന ടീമിന് കീഴിലാണ് ഇവർ ഈ നേട്ടം കൈവരിച്ചത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള താളിയോലയിലെ ഗണിത-ജ്യോതിശാസ്ത്ര ജ്ഞാനങ്ങൾ കേടുപാടുകൾ കൂടാതെ സംരക്ഷിക്കുകയാണ് ‘സ്മൃതി 1.0’ (Smriti 1.0) എന്ന ഈ റോബോട്ടിക് സംവിധാനത്തിന്റെ ലക്ഷ്യം. മാസങ്ങൾ നീണ്ടുനിൽക്കുന്ന പരമ്പരാഗത സംരക്ഷണ പ്രക്രിയയെ വെറും മിനിറ്റുകൾക്കുള്ളിൽ സുരക്ഷിതമായി പൂർത്തിയാക്കാൻ ഈ സംരംഭത്തിന് സാധിക്കുന്നു. പൊടിപടലങ്ങൾ നീക്കം ചെയ്യാനും സംരക്ഷണ ലേപനങ്ങൾ നൽകാനും പ്രത്യേക കൺവേയർ സംവിധാനവും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.

യൂണീക് വേൾഡ് റോബോട്ടിക്സിലെ (UWR) പരിശീലകരുടെ മാർഗ്ഗനിർദ്ദേശത്തിലാണ് ഇരുവർക്കും ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. മാള ഹോളി ഗ്രേസ് അക്കാദമിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ കാത്‌ലിനും കൊച്ചി നൈപുണ്യ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ നവികയും തങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ഗവേഷണ മികവിലൂടെയുമാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. താളിയോല രേഖകളുടെ ചരിത്ര പ്രാധാന്യം ലോകമെമ്പാടുമുള്ള ഗവേഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ ഈ ഡിജിറ്റൽ സംവിധാനം സഹായിക്കും.

Malayali students Kathleen Mary Jeeson and Navika D Nair win the WRO India Nationals with ‘Smriti 1.0’, a robotic AI system to preserve ancient palm-leaf manuscripts.

Share.
Leave A Reply

Exit mobile version