തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആഭ്യന്തര കാർഗോ കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധേയമായ വളർച്ച. 2026–27 സാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ ആഭ്യന്തര കാർഗോയിൽ 41% വളർച്ചയാണ് രേഖപ്പെടുത്തിയത്. നിലവിൽ പ്രതിമാസം ശരാശരി 350 മെട്രിക് ടൺ ചരക്കാണ് വിമാനത്താവളത്തിലെ ആഭ്യന്തര കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്നത്.
ഭക്ഷ്യ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, കൊറിയർ ചരക്കുകൾ, റബ്ബർ തൈകൾ, അലങ്കാര മത്സ്യങ്ങൾ തുടങ്ങിയവയാണ് തിരുവനന്തപുരം വിമാനത്താവളം വഴി പ്രധാനമായും ആഭ്യന്തര കാർഗോയായി നീങ്ങുന്നത്.
കേരളത്തിൽ നിന്നുള്ള റബ്ബർ തൈകൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും അലങ്കാര മത്സ്യങ്ങൾ ഡൽഹി, ആഗ്ര, ജമ്മു തുടങ്ങിയ കേന്ദ്രങ്ങളിലേക്കുമാണ് പ്രധാനമായും കയറ്റി അയക്കുന്നത്. അതേസമയം മരുന്നുകൾ, വാക്സിനുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മാംസ ഉൽപ്പന്നങ്ങൾ, വാഹന സ്പെയർ പാർട്സ് തുടങ്ങിയവയാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്ന പ്രധാന ചരക്കുകൾ.
ആഭ്യന്തര കാർഗോയിലെ ശക്തമായ വളർച്ച ബിസിനസ് സ്ഥാപനങ്ങൾക്കും ലോജിസ്റ്റിക്സ് പങ്കാളികൾക്കും തിരുവനന്തപുരം വിമാനത്താവളത്തിലുള്ള വർധിച്ചുവരുന്ന വിശ്വാസത്തിന്റെ പ്രതിഫലനമാണെന്ന് വിമാനത്താവള വക്താവ് പറഞ്ഞു. വിഴിഞ്ഞം പ്രധാന സമുദ്ര കവാടമായി ഉയരുന്ന സാഹചര്യത്തിൽ വ്യോമ-കടൽ കാർഗോ ബന്ധം ശക്തിപ്പെടുത്തുന്നത് മേഖലയിലെ സംയോജിത ലോജിസ്റ്റിക്സ് സാധ്യതകൾ കൂടുതൽ വികസിപ്പിക്കും.
വിഴിഞ്ഞം തുറക്കുന്നത് പുതിയ സാധ്യത
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് പൂർണതോതിലുള്ള EXIM പ്രവർത്തനങ്ങൾ ആരംഭിച്ചതാണ് തിരുവനന്തപുരം വിമാനത്താവളത്തിന് മുന്നിൽ പുതിയ സാധ്യതകൾ തുറക്കുന്നത്. വിമാനത്താവളവും തുറമുഖവും തമ്മിലുള്ള വ്യോമ-കടൽ ചരക്ക് ഗതാഗത ബന്ധം കാര്യക്ഷമമായി വികസിപ്പിക്കാൻ കഴിഞ്ഞാൽ അതിവേഗം കൈമാറേണ്ടതും ഉയർന്ന മൂല്യമുള്ളതുമായ ചരക്കുകളുടെ നീക്കത്തിന് തിരുവനന്തപുരം പ്രധാന കേന്ദ്രമായി മാറാനാകും.
കടൽമാർഗം വിഴിഞ്ഞത്തെത്തുന്ന ചരക്കുകൾ ആവശ്യാനുസരണം വിമാനമാർഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനും വിമാനമാർഗം തിരുവനന്തപുരത്തെത്തുന്ന കയറ്റുമതി ചരക്കുകൾ വിഴിഞ്ഞം വഴി ആഗോള വിപണികളിലേക്ക് ബന്ധിപ്പിക്കാനുമുള്ള സാധ്യതയാണ് ഇതിലൂടെ ശക്തമാകുന്നത്.
വിമാനത്താവളം–തുറമുഖം ബന്ധം, റോഡ്-റെയിൽ കണക്ടിവിറ്റി, വെയർഹൗസിങ്, കോൾഡ് ചെയിൻ, കാർഗോ ഹാൻഡ്ലിങ് തുടങ്ങിയ അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും ഇതിനൊപ്പം വികസിച്ചാൽ കേരളത്തെ ദേശീയ-ആഗോള വിതരണ ശൃംഖലയിലെ പ്രധാന മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് ഹബ്ബായി ഉയർത്താനുള്ള സാധ്യതയും കൂടുതൽ ശക്തമാകും.
Thiruvananthapuram International Airport has recorded a 41% growth in domestic cargo handling during the first five months of FY 2026–27, compared to the corresponding period of previous fiscal. Currently, the domestic cargo division handles an average of 350 metric tonnes of cargo per month.The recent commencement of full-fledged Export-Import (EXIM) operations at Vizhinjam International Seaport is expected to further strengthen the region’s logistics ecosystem.
