സേവനങ്ങൾക്കായി ഇനി കൃത്യമായുള്ള  ഓ ടി പി പരിശോധന. ഇതോടെ മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാരുടെ ചൂഷണം പടിക്കു പുറത്തേക്ക്. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ആധാർ ഒടിപി അടിസ്ഥാനത്തിലാക്കുന്നു. വാഹന സംബന്ധമായ സേവനങ്ങൾ നൽകുന്ന വാഹൻ, ഡ്രൈവിങ് ലൈസൻസ് സംബന്ധമായ സേവനങ്ങൾക്കുള്ള സാരഥി എന്നീ പോർട്ടലുകൾ വഴിയുള്ള സേവനങ്ങളാണ് സെപ്റ്റംബർ 21 മുതൽ പൂർണ്ണമായും ഓൺലൈനാക്കുന്നത്. ഇതോടെ ഭൂരിഭാഗം ആവശ്യങ്ങൾക്കും അപേക്ഷകർക്ക് ആർടി ഓഫിസുകളിൽ നേരിട്ട് എത്തേണ്ടതില്ല.

പുതിയ സംവിധാനം വരുന്നതോടെ അപേക്ഷകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിലാകും തീർപ്പാക്കുക. വ്യക്തിഗത വാദം കേൾക്കലിന് പോർട്ടലിലെ വി മീറ്റ് സംവിധാനത്തിലൂടെ വീഡിയോ കോൾ വഴിയും ഹാജരാകാം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉടൻ തന്നെ സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങൾ നിലവിൽ വരും.

നിലവിൽ 21 സേവനങ്ങൾ മാത്രമാണ് നേരിട്ട് ഹാജരാകേണ്ടാത്ത രീതിയിൽ ആധാർ ഒടിപി അടിസ്ഥാനത്തിൽ ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ളവയ്ക്ക് കൃത്യമായ ഒടിപി പരിശോധന ഇല്ലാത്തതിനാൽ ഇടനിലക്കാർ അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു. അപേക്ഷകൾ മനഃപൂർവം വൈകിപ്പിച്ച ശേഷം വേഗത്തിലാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടുന്ന പ്രവണത തടയുകയാണ് പുതിയ മാറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ശേഷിക്കുന്ന സേവനങ്ങൾ കൂടി ഓൺലൈനാക്കാൻ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനോടും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തോടും മോട്ടോർ വാഹന വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ സോഫ്റ്റ്‌വെയർ പരിശോധനകൾ നിലവിൽ പുരോഗമിക്കുകയാണ്.

കൂടുതൽ ലളിതമാകും RTO സേവനങ്ങൾ

 വാഹന പരിശോധന, അനന്തരാവകാശികളെ തിരിച്ചറിയൽ, വ്യക്തിഗത വാദം കേൾക്കൽ എന്നിവയ്ക്ക് ഒഴികെ ഓഫിസുകളിൽ പോകേണ്ടതില്ല. ഇത്തരം ആവശ്യങ്ങൾക്കുള്ള സ്ലോട്ടുകൾ നമ്മുടെ കേരളം പോർട്ടൽ വഴി ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കും. വ്യക്തിഗത വാദം കേൾക്കലിന് പോർട്ടലിലെ വി മീറ്റ് സംവിധാനത്തിലൂടെ വീഡിയോ കോൾ വഴിയും ഹാജരാകാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് ഓഫിസുകളിൽ സമർപ്പിക്കേണ്ടതില്ല എന്നതും പുതിയ മാറ്റത്തിന്റെ പ്രത്യേകതയാണ്.

അപേക്ഷകൾ സമർപ്പിക്കാൻ സാങ്കേതിക സഹായം ആവശ്യമുള്ളവർക്ക് അക്ഷയ, സി.എസ്.സി കേന്ദ്രങ്ങളെയോ ആർടി ഓഫിസുകളെയോ നേരിട്ട് സമീപിക്കാവുന്നതാണ്. ആധാർ ഒടിപി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം ആധികാരികത ഉറപ്പാക്കാൻ അപേക്ഷകൻ ഒരു തവണ നേരിട്ട് ഹാജരാകേണ്ടി വരും. ഡ്രൈവിങ് ലൈസൻസ്, കണ്ടക്ടർ ലൈസൻസ് തുടങ്ങിയവയുടെ ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ സാരഥി പോർട്ടൽ വഴിയും ഫിറ്റ്നസ് ടെസ്റ്റുകൾക്കുള്ള സ്ലോട്ടുകൾ വാഹൻ പോർട്ടൽ വഴിയുമാണ് ബുക്ക് ചെയ്യേണ്ടത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉടൻ തന്നെ സ്വയംകൃത വാഹന പരിശോധനാ കേന്ദ്രങ്ങൾ നിലവിൽ വരും. ഇതിനോടകം കൊല്ലം, ആലപ്പുഴ ജില്ലകളിലായി മൂന്ന് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

Kerala Motor Vehicles Department expands 60 services under Aadhaar OTP authentication from September 21, reducing RTO visits and eliminating middleman exploitation

Share.
Leave A Reply

Exit mobile version