രാജ്യത്തെ പ്രധാന നഗരങ്ങളിലെ ജനങ്ങളുടെ വരുമാനം, സമ്പാദ്യം, ചെലവ്, കടബാധ്യത എന്നിവയെക്കുറിച്ചുള്ള പുതിയ പഠന റിപ്പോർട്ട് ‘The Many Urban Indias’ പുറത്തുവന്നു. നൂറ് നഗരങ്ങളെ ഉൾപ്പെടുത്തി ടാറ്റ നടത്തിയ ഈ പഠനപ്രകാരം, ഇന്ത്യയിലെ ആറ് പ്രധാന മെട്രോ നഗരങ്ങളിൽ വാർഷിക കുടുംബ വരുമാനത്തിലും സമ്പാദ്യത്തിലും ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. ബിഗ് സിക്സിന് പുറത്തുള്ള നഗരങ്ങളെ കൂടി പരിഗണിക്കുമ്പോൾ, വാർഷിക കുടുംബ വരുമാനത്തിൽ ചണ്ഡീഗഢ് ബെംഗളൂരുവിന് തൊട്ടുപിന്നിലാണ്.

കുടുംബങ്ങളുടെ വലിയ എണ്ണം കാരണം ഡൽഹി-എൻ.സി.ആർ രാജ്യത്തെ ഏറ്റവും വലിയ ഉപഭോഗ വിപണിയായി മാറി. മുംബൈയിലും ഡൽഹി-എൻ.സി.ആറിലുമാണ് ഉയർന്ന വരുമാനക്കാരായ കുടുംബങ്ങളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. എന്നാൽ, കുടുംബങ്ങളുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും ഉയർന്ന കടം-വരുമാന അനുപാതം ചെന്നൈയിലാണ്. ചെന്നൈയിലെ ഈ അനുപാതം 27.7 ശതമാനമാണ്. ഭവന, വാഹന ആവശ്യങ്ങൾക്കായുള്ള വായ്പകളാണ് ചെന്നൈയിലെ ഉയർന്ന കടബാധ്യതയ്ക്ക് പ്രധാന കാരണമെന്ന് പഠനം വ്യക്തമാക്കുന്നു.
നഗരങ്ങളിലെ ഉപഭോഗ രീതികളിലും വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം പാർപ്പിടം, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം എന്നിവയ്ക്കാണ് നഗരവാസികൾ കൂടുതൽ പണം ചെലവഴിക്കുന്നത്. വടക്കേ ഇന്ത്യൻ കുടുംബങ്ങൾ പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം എന്നിവയ്ക്കായി കൂടുതൽ തുക വിനിയോഗിക്കുമ്പോൾ, ദക്ഷിണേന്ത്യൻ കുടുംബങ്ങൾ ആരോഗ്യപരിപാലനത്തിനാണ് താരതമ്യേന കൂടുതൽ ചെലവഴിക്കുന്നത്. ഇന്ത്യയിലെ പ്രധാന ആറ് മെട്രോ നഗരങ്ങളിലെ കുടുംബങ്ങൾ ശരാശരി വരുമാനത്തിന്റെ 42 ശതമാനത്തോളം സമ്പാദിക്കുന്നുണ്ടെന്നും, നൂറ് നഗരങ്ങളെ ഉൾപ്പെടുത്തിയ പഠനത്തിലെ മൊത്തം ശരാശരി സമ്പാദ്യനിരക്ക് ഏകദേശം 25 ശതമാനമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
According to Tata’s ‘The Many Urban Indias’ study, Bengaluru leads Indian metro cities in average household income, Delhi-NCR tops consumption, and Chennai records the highest debt-to-income ratio.